കേരളം ഉൾപ്പടെ ആറ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകള്‍ കൂടുന്നു ; കത്തയച്ച് കേന്ദ്രം

ന്യൂഡല്‍ഹി : കേരളമടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് അവശ്യപ്പെട്ടുകൊണ്ടാണ് മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലം കത്തയച്ചിരിക്കുന്നത്. പരിശോധന, ചികിത്സ, ട്രാക്കിംഗ്, വാക്‌സിനേഷന്‍ എന്നിവ കാര്യക്ഷമമാക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

അണുബാധയ്ക്കെതിരായ പോരാട്ടത്തില്‍ ഇതുവരെ നേടിയ നേട്ടങ്ങള്‍ നഷ്ടപ്പെടുത്താതെ, അണുബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും വേണ്ട സമീപനം പിന്തുടരേണ്ടതുണ്ട്’ കത്തില്‍ പറയുന്നു. ഇന്ന് രാജ്യത്ത് 700ന് മുകളില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാല് മാസത്തെ ഇടവേളക്ക് ശേഷമാണ് ഈ വർധനവ് ഉണ്ടായത്.

പിന്നാലെ കേസുകൾ കൂടുന്ന സംസ്ഥാനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം കത്ത് അയയ്ക്കുകയായിരുന്നു. നിലവില്‍ രാജ്യത്ത് 4623 സജീവ കേസുകളാണ് ഉള്ളത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 12-നാണ് ഇതിന് മുമ്പ് 700 കേസുകള്‍ക്ക് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്.