മുഖ്യമന്ത്രി പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, എക്‌സാലോജിക്കിനെ ന്യായീകരിച്ച് സിപിഎം

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനി എക്‌സാലോജിക്കിനെ ന്യായീകരിച്ച് സിപിഎം. തിരഞ്ഞെടുപ്പിന് മുന്നോടിയായി മണ്ഡലം ശില്‍പശാലയില്‍ വിതരണം ചെയ്യുന്ന പാര്‍ട്ടിരേഖയിലാണ് വിണയെയും എക്‌സാലോജിക്കിനെയും വെള്ളപൂശാനുള്ള ശ്രമം. ബാങ്കുകളിലൂടെ വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഇടപാടുകളെ വക്രീകരിക്കാനുള്ള നടപടികളാണ് സ്വീകരിച്ചത്.

കമ്പനിക്ക് പോലും പരാതിയില്ലാത്ത വിഷയത്തില്‍ അവരുടെ വാദം കേള്‍ക്കാതെയാണ് പ്രചാരണം നടത്തിയത്. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും വികസന പ്രവര്‍ത്തനങ്ങളെയും തേജോവദം ചെയ്യുകയെന്നത് അവരുടെ രാഷ്ട്രീയ അജന്‍ഡയായി മാറിയിരിക്കുന്നുവെന്ന് രേഖയില്‍ വ്യക്തമാക്കുന്നു. അതേസമയം വീണയുടെ പേര് രേഖയില്‍ പറഞ്ഞിട്ടില്ല. പകരം കമ്പനിയുടെ പേരാണ് പറഞ്ഞിരിക്കുന്നത്.

രേഖയില്‍ സിഎംആര്‍എല്ലിന്റെ പേരും പറഞ്ഞിട്ടില്ല. മുമ്പ് ജില്ലാ മണ്ഡലം തലങ്ങളിലായി ബ്രാഞ്ച് സെക്രട്ടറിമാര്‍വരെയുള്ള ശില്പശാലയില്‍ നേതാക്കള്‍ ആരോപണത്തില്‍ വിശദീകരണം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ വികസനത്തെ മാത്രമല്ല പിണറായി വിജയനെയും ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതായി രേഖയില്‍ പറയുന്നു. ഇതിനായി കേന്ദ്ര ഏജന്‍സികളും അതുപോലുള്ള സ്ഥാപനങ്ങളും കള്ളകഥമെനയുന്നു.

പൊതുവില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ കുടുംബത്തിനെതിരെ ഉയരുന്ന ആരോപണങ്ങളെ പാര്‍ട്ടി രേഖയില്‍ വിശദീകരിക്കാറില്ല.