ഉദയ്പുർ കൊല: പ്രതി റിയാസ് ‘2611’ എന്ന നമ്പര്‍ കിട്ടാന്‍ 5000 രൂപ അധികമായി നൽകി.

 

ജയ്പുര്‍/ രാജസ്ഥാനിലെ ഉദയ്പുരില്‍ കനയ്യ ലാലിനെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പൊലീസിന്റെ പുതിയ വെളിപ്പെടുത്തൽ. പ്രതികളില്‍ ഒരാളായ റിയാസ് അഖ്താരി സ്വന്തം ബൈക്കിന് ‘2611’ എന്ന നമ്പര്‍ കിട്ടാന്‍ 5000 രൂപ അധികമായി കൊടുത്തിരുന്നു എന്നാണു പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തെ സൂചിപ്പിക്കുന്ന ’26/11′ ബൈക്ക് നമ്പറായി ലഭിക്കുന്നതിനായിരുന്നു റിയാസ് അഖ്താരി ലക്ഷ്യമാക്കിയിരുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കനയ്യ ലാലിനെ കൊലപ്പെടുത്തിയ ശേഷം ഗൗസ് മുഹമ്മദും റിയാസ് അഖ്താരിയും ഈ ബൈക്കിലാണു രക്ഷപ്പെടുന്നത്. RJ 27 AS 2611 എന്നാണ് ബൈക്കിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍. നിലവില്‍ ഉദയ്പുരിലെ ധന്‍മണ്ഡി സ്‌റ്റേഷനിലാണ് ഇപ്പോൾ ഈ ബൈക്കുള്ളത്.

ഈ നമ്പർ കിട്ടുന്നതിനായി റിയാസ് നിര്‍ബന്ധം പിടിച്ചിരുന്നെന്നും 5,000 രൂപ അധികമായി അടച്ചെന്നുമാണു പൊലീസ് പറഞ്ഞിരിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട നിര്‍ണായക സൂചനകള്‍ ഈ നമ്പറുമായി ബന്ധപ്പെട്ടു ലഭിക്കുമെന്നാണു പൊലീസിന്റെ കണക്കുകൂട്ടലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

2014ല്‍ റിയാസ് നേപ്പാള്‍ സന്ദര്‍ശിച്ചതായി പൊലീസ് പറയുന്നുണ്ട്. റിയാസിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനു ഇക്കാര്യത്തിൽ വിവരങ്ങൾ ലഭിച്ചിരിക്കുന്നത്. പാകിസ്ഥാനിലേക്ക് ഇയാള്‍ ഫോണ്‍ വിളിച്ചതിന്റെ തെളിവുകളും പോലീസിന് ലഭിച്ചു. 2014 മാര്‍ച്ചില്‍ ബൈക്കിന്റെ ഇന്‍ഷുറന്‍സ് കാലാവധി അവസാനിച്ചിരുന്നു എന്നതും ശ്രദ്ധേയം.