ഒരാള്‍ ലേഡീസ് കംപാര്‍ട്ടുമെന്റിലേക്ക് കയറിയിരുന്നു, ജിന്‍സി പിന്നെ ട്രെയിനിൽ നിന്ന് തെറിച്ചുവീണു

 

കോട്ടയം/ യാത്രയ്ക്കിടെ ട്രെയിനില്‍ നിന്ന് തെറിച്ച് വീണു മരിച്ച സംഭവം ആത്മഹത്യയല്ലെന്ന് സഹപ്രവര്‍ത്തകരും സഹയാത്രികരും. തിങ്കളാഴ്ച വൈകീട്ടാണ് യാത്രയ്ക്കിടെ ട്രെയിനില്‍ നിന്നു തെറിച്ചു വീണു വെട്ടൂര്‍ ഗവ.എച്ച്എസ്എസിലെ ഹൈസ്‌കൂള്‍ വിഭാഗം അധ്യാപിക പാലാ മേലുകാവ് മറ്റം കട്ടിപുരയ്ക്കല്‍ ജിന്‍സി ജോണിന് പരിക്കേൽക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ജിന്‍സി മരിച്ചു. ജിൻസിയിടെ മരണം ആത്മഹത്യാല്ലെന്നാണ് സഹപ്രവർത്തകർ ഒന്നടങ്കം പറയുന്നത് ജിൻസി ആത്മഹത്യ ചെയ്യണ്ടതായ ഒരു കാരണവുമില്ലന്നും സഹപ്രവർത്തകർ പറയുന്നുണ്ട്.

ടീച്ചറുടെ മരണം ആത്മഹത്യയല്ലെന്ന് സഹപ്രവർത്തകർ അടിവരയിട്ടു പറയുന്നതോടെ ട്രെയിനിൽ നിന്ന് ജിൻസി എങ്ങനെ വീണു എന്ന കാര്യത്തിൽ സംശയം വർധിക്കുകയാണ് ഒപ്പം ദുരൂഹതയും. ട്രെയിൻ തിരുവല്ല കഴിഞ്ഞപ്പോള്‍ ട്രെയിന്‍ ബോഗിയില്‍ ജിന്‍സി തനിച്ചായിരുന്നുവെന്നും പ്ലാറ്റ്‌ഫോമില്‍ അലക്ഷ്യമായി നടന്ന ഒരാള്‍ ട്രെയിനിലേക്ക് ചാടിക്കയറുന്നത് ഇതേ കോച്ചില്‍ നിന്നു പ്ലാറ്റ്‌ഫോമി ലേക്ക് ഇറങ്ങിയ മറ്റൊരു യാത്രക്കാരിയുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നതായും പറയുന്നുണ്ട്.

അതിനു ശേഷമാണ് ട്രെയിനിന്റെ അവസാന ബോഗി പ്ലാറ്റ്‌ഫോം കടക്കുന്നതിന് തൊട്ടുമുന്‍പായി ജിന്‍സി പുറത്തേക്ക് തെറിച്ചു വീഴുന്നത്. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോള്‍ അത് റെയില്‍വെ പൊലീസിന്റെ അധികാരപരിധിയിലാണെ ന്നായിരുന്നു പോലീസിന്റെ മറുപടി.

തിരുവല്ലവരെ ജിൻസി അമ്മയോട് 15 മിനിറ്റിലേറെ സംസാരിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നുണ്ട്. അടുത്തദിവസം അമ്മയെ സന്ദര്‍ശിക്കുമെന്ന് അവര്‍ ഫോണില്‍ പറയുകയും ചെയ്തിരുന്നതാണ്. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഒരാള്‍ ഒരിക്കലും ഇത് ചെയ്യില്ല. കമ്പാര്‍ട്ടുമെന്റിനുള്ളില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരിക്കാമെന്നാണ് സഹപ്രവർത്തകർ ഒന്നടങ്കം സംശയിക്കുന്നത്.

തലയുടെ പിന്‍ഭാഗം ഇടിച്ചു വീണതിനാല്‍ വീഴ്ചയില്‍ ഗുരുതരമായി പരിക്കേറ്റ ജിൻസി വെന്റിലേറ്ററില്‍ തുടരുന്നതിനിടെ ബുധനാഴ്ച വൈകിട്ടോടെ മരണപ്പെടുകയാ യിരുന്നു. അഞ്ചു വര്‍ഷമായി വെട്ടൂര്‍ സ്‌കൂളിലെ ഫിസിക്കല്‍ സയന്‍സ് അധ്യാപികയായി ജോലി ചെയ്തുവന്ന ജിന്‍സി കുറച്ചു മാസം മുന്‍പ് വരെ വര്‍ക്കല റെയില്‍വേ സ്റ്റേഷന് സമീപം വീട് വാടകയ്‌ക്കെടുത്താണ് രണ്ടു മക്കള്‍ക്കൊപ്പം താമസിച്ചു വന്നിരുന്നത്.

മാസങ്ങള്‍ക്ക് മുന്‍പ് പാലാ മേലുകാവില്‍ വീട് വാങ്ങിയെങ്കിലും യാത്രാസൗകര്യം കണക്കിലെടുത്ത് റെയില്‍വേയില്‍ ജോലിയുള്ള ഭര്‍ത്താവ് ജെയിംസിന്റെ കോട്ടയത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലാണു ഒടുവിൽ താമസിച്ചു വന്നിരുന്നത്. എല്ലാദിവസവും കോട്ടയത്ത് നിന്നു ട്രെയിനില്‍ വന്നു പോകവേ ഉണ്ടായ ജിന്‍സിയുടെ ദാരുണമായ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യമാണ് സഹപ്രവര്‍ത്തകര്‍ ഉന്നയിച്ചിരിക്കുന്നത്.