‘ഡല്‍ഹി ചലോ’; സ്‌റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് ദില്ലി സര്‍ക്കാര്‍ പോലീസിനോട്

കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി കര്‍ഷക വിരുദ്ധ നടപടികള്‍ക്കെതിരെയുള്ള ‘ഡല്‍ഹി ചലോ’ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്‌റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കര്‍ഷക മാര്‍ച്ച് ഡല്‍ഹിയെത്താറായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ ഒമ്പത് സ്‌റ്റേഡിയങ്ങളെ താല്‍ക്കാലിക ജയിലുകളാക്കി മാറ്റാന്‍ അനുമതി നല്‍കണമെന്ന് ഡല്‍ഹി പോലീസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചു.

പ്രക്ഷോഭത്തിന് നേര്‍ക്ക് കടുത്ത നടപടികളുമായാണ് ഡല്‍ഹി പൊലീസ് മുന്നേറുന്നത്. ഹരിയാനയിലെ സിംഗു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചിരുന്നു. കര്‍ഷകരെ പിരിച്ചുവിടാനാണ് പൊലീസ് നടപടി. ഉത്തര്‍പ്രദേശ്, ഹരിയാണ, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് പ്രതിഷേധ പ്രകടനമായി നീങ്ങുന്നത്. പിരിഞ്ഞു പോകാന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും കര്‍ഷകര്‍ കൂട്ടാക്കിയില്ല. കോണ്‍ക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് പൊലീസ് ഡല്‍ഹിയിലേക്കുള്ള വഴികള്‍ അടച്ചിരിക്കുകയാണ്.

അതിര്‍ത്തിയില്‍ പോലീസ് വെച്ച ബാരിക്കേഡുകള്‍ കര്‍ഷകര്‍ തകര്‍ക്കാന്‍ നോക്കിയതോടെ പലയിടത്തും സംഘര്‍ഷ സാഹചര്യമുണ്ടായി. കര്‍ഷകരെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. താല്‍ക്കാലികമായി കര്‍ഷകര്‍ പിന്മാറിയെങ്കിലും ആയിരിക്കണക്കിന് കര്‍ഷകര്‍ കൂട്ടമായി അതിര്‍ത്തിയിലേക്കെത്തിക്കൊണ്ടിരിക്കുകയാണ്. എന്ത് സംഭവിച്ചാലും പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്.

കര്‍ഷകപ്രക്ഷോഭത്തെ തുടര്‍ന്ന് അതിര്‍ത്തിയില്‍ സായുധസേനയെ അടക്കമുള്ള വന്‍സുരക്ഷാസന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ഡല്‍ഹിഹരിയാന, ഡല്‍ഹിഉത്തര്‍പ്രദേശ് അതിര്‍ത്തിയിലും സേനയെ വിന്യസിച്ചിട്ടുണ്ട്. കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ബുധനാഴ്ചതന്നെ പോലീസ് ഉത്തരവിറക്കിയിരുന്നു. സമരക്കാരെ തടയാന്‍ ഡല്‍ഹിയിലെ എട്ടു മെട്രോ സ്‌റ്റേഷനുകളും അടച്ചിട്ടു.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നുതന്നെയാണ് കര്‍ഷകരുടെ നിലപാട്. കേന്ദ്രകൃഷിവകുപ്പ് മന്ത്രി നരേന്ദ്രസിങ് തോമര്‍ ഡിസംബര്‍ മൂന്നിന് കര്‍ഷകസംഘടന പ്രതിനിധികളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് കര്‍ഷകസംഘടനകളുടെ നിലപാട്. ഇതിന് മുന്‍പ് ചര്‍ച്ച നടത്തിയപ്പോഴൊന്നും സമവായമുണ്ടാക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും അതിനാല്‍ ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നാണ് സംഘടനകള്‍ പറയുന്നത്.