തലയിലെ മുടിനാരുപോലും പിഴുതെറിയപ്പെടാനുള്ള വിധി, സൂചികുത്താന്‍പോലും ഇടംകാണാത്ത ശരീരം

കാന്‍സര്‍ എന്ന് കേട്ടാല്‍ തന്നെ ഏവര്‍ക്കും ഭയമാണ്.ഈ രോഗം പിടിപെട്ടാല്‍ എല്ലാം അവസാനിച്ചു എന്ന് കരുതുന്നവരുമുണ്ട്.എന്നാല്‍ പൊരുതി ജയിക്കുന്നവരുമുണ്ട്.അവര്‍ക്ക് ധൈര്യം പകര്‍ന്ന് കൂടെ നില്‍ക്കുന്നവരുമുണ്ട്.ഇപ്പോള്‍ തന്റെ നല്ലപാതിക്ക് കാന്‍സര്‍ ആണെന്ന് അറിഞ്ഞപ്പോള്‍ തളരാതെ ചേര്‍ത്ത് നിര്‍ത്തിയ ധനേഷ് പങ്കുവെച്ച വാക്കുകളാണ് ശ്രദ്ധേയമാവുന്നത്.കാന്‍സര്‍ വേദനയില്‍ പിടയാതെ ഇന്നും ബിജ്മയെ ചിപ്പിക്കുള്ളിലെ മുത്തുപോലെ ചേര്‍ത്തുനിര്‍ത്തുകയാണ് ധനേഷ്.കാന്‍സറിനോട് പൊരുതിയ നാളുകളില്‍ ബിജ്മ അനുഭവിച്ച വേദനകളുടെ ആഴമാണ് ധനേഷിന്റെ കുറിപ്പില്‍ നിറഞ്ഞു നില്‍ക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;ഇവള്‍ അസുഖക്കാരിയായത് ഇവളുടെ കുറ്റംകൊണ്ടും കഴിവുകേടും കൊണ്ടല്ല.വിധിയാണ്.എന്റെ ജീവിതത്തില്‍ അനുഭവിക്കാനുള്ള വിധി.തലയിലെ മുടിനാരുപോലും പിഴുതെറിയപ്പെടാനുള്ള വിധി.വാര്‍ത്തെടുത്ത ശില്‍പംപോലെ ജീവിതം മുന്നോട്ട് പോവണമെന്നുമില്ല.മരിച്ചപോലെ ജീവിക്കാന്‍ വിധിക്കപ്പെട്ട ഒരവസ്ഥതന്നെയാണ് കാന്‍സര്‍.കീമോയും റേഡിയേഷനും സര്‍ജറിയുമെല്ലാം അതനുഭവിക്കുന്നവരുടെ മനസ്സിനെ മരണതുല്യമായ വേദനയുടെ ആഴങ്ങളില്‍ ചെന്നെത്തിക്കുന്നു എന്നുള്ളത് സത്യമാണ്.മറ്റൊന്നിനും പകരംവെക്കാനില്ലാത്ത വല്ലാത്തൊരു അവസ്ഥ.തുടിച്ചുനില്‍ക്കുന്ന ഞരമ്പുകളില്‍ കീമോയുടെ ആദ്യപ്രവേശനം.അതുകഴിഞ്ഞാല്‍ പിന്നീടുള്ള കീമോ ചെയ്യാന്‍ തട്ടിയുംമുട്ടിയും തുടച്ചുനോക്കിയാല്‍പോലും ഒരു ഞരമ്പുപോലും തയ്യാറാവാത്തമട്ടില്‍ ഒളിഞ്ഞിരിക്കും.ഒരു സൂചികുത്താന്‍പോലും ഇടംകാണാത്ത ശരീരം.ആദ്യത്തെ കീമോ ഒരു കൌതുകമായി തോന്നാത്തവര്‍ ആരുമില്ല.അത് വെറും കേട്ടറിവില്‍ മാത്രമറിയുന്ന ഒരു ചികിത്സ രീതി.എല്ലാവര്‍ക്കും ഒരു കൗതുകം മാത്രം.