ഡബിള്‍ ഡക്കര്‍ ട്രെയിൻ കേരളത്തിലേക്ക്, പരീക്ഷണയോട്ടം ഇന്ന്

പാലക്കാട് : ഡബിള്‍ ഡക്കര്‍ തീവണ്ടി കേരളത്തിലേക്ക് ആദ്യമായി വരുന്നു. കോയമ്പത്തൂര്‍ -കെ.എസ്.ആര്‍. ബെംഗളൂരു ഉദയ് എക്‌സ്പ്രസ് പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ പരീക്ഷണയോട്ടം ബുധനാഴ്ച നടക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ഡക്കര്‍ എ.സി. ചെയര്‍കാര്‍ തീവണ്ടിയാണിത്.

കോയമ്പത്തൂരില്‍നിന്ന് ബുധനാഴ്ചരാവിലെ എട്ടിന് പുറപ്പെട്ട് 10.45-ന് പാലക്കാട് ടൗണിലും 11.05-ന് പാലക്കാട് ജങ്ഷനിലും വണ്ടിയെത്തും. തിരികെ 11.35-ന് പുറപ്പെട്ട് 2.40-ന് കോയമ്പത്തൂരിലെത്തി പരീക്ഷണയോട്ടം അവസാനിപ്പിക്കും.

ദക്ഷിണറെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണയോട്ടം നടത്തുന്നത്. ബുധനാഴ്ചകളില്‍ ഉദയ് എക്‌സ്പ്രസിന് സര്‍വീസ് ഇല്ലാത്തതിനാലാണ് പരീക്ഷണയോട്ടത്തിന് ഈ ദിവസം തിരഞ്ഞെടുത്തത്. തീവണ്ടിയുടെ സമയക്രമത്തെപ്പറ്റി അന്തിമതീരുമാനമെടുത്തിട്ടില്ല.