പിപിഇ കിറ്റ് ഉപയോഗിക്കാന്‍ നിര്‍വാഹമില്ലായിരുന്നു, 20 ദിവസമെങ്കിലും കാട് കയറി, ഡോ. അശ്വതി സോമന്‍ പറയുന്നു

കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചപ്പോള്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് പ്രവര്‍ത്തിച്ചവരാണ് ആരോഗ്യ പ്രവര്‍ത്തകരും സുരക്ഷ ഉദ്യോഗസ്ഥരും. ഉറ്റവരെയും ഉടയവരെയോ കാണാതെ ദിവസങ്ങള്‍ കഴിയേണ്ടി വന്നവര്‍ ഇവരാണ്. കോവിഡ് കാലഘട്ടത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് നല്‍കുന്ന കോവിഡ് വാര്യര്‍ പുരസ്‌കാരത്തിന് ഡോ. അശ്വതി സോമന്‍ അര്‍ഹയായിരുന്നു. അവാര്‍ഡ് ലഭിച്ച സന്തോഷം പങ്കുവെച്ച് അശ്വതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.

അശ്വതിയുടെ കുറിപ്പ് ഇങ്ങനെ, കോവിഡ് കാലഘട്ടത്തില്‍ പലപ്പോഴും എന്റെ കാട് കയറിയ യാത്രകളെ കുറിച്ചു എഴുതുക എന്നത് ശ്രമകരമായിരുന്നു. പറയാന്‍ പറ്റാതിരുന്ന കഥകള്‍ ഒരുപാടാണ്. എല്ലാ വിഭാഗവും ഫീല്‍ഡ് ജോലികള്‍ മാറ്റി വെച്ചു മുഴുവന്‍ ലോക്ക്ഡൗണില്‍ പോയപ്പോഴും ആദിവാസികളുടെ ഇടയിലെ കാര്യങ്ങള്‍ അറിയാനും, അവര്‍ക്ക് മരുന്നും ആവശ്യ ബോധവല്‍ക്കരണം കൊടുക്കുവാനുമായി ഒരു ദിവസം പോലും ക്യാമ്പ് മുടക്കാതെ ഓടി നടന്നിരുന്നു. ആത്മ ഭയം ഇലാതല്ല, ppe കിറ്റ് ഉപയോഗിക്കാന്‍ നിര്‍വാഹവും ഇല്ലായിരുന്നു എന്നിരുന്നാലും ആകും വിധം മാസത്തില്‍ ഏതാണ്ട് 20 ദിവസമെങ്കിലും കാട് കയറിയിട്ടുണ്ട്.

ശ്രമകരമായാലും കൂടുതല്‍ പേരിലേക്ക് കോവിഡ് കഥകളും, കൈ കഴുകേണ്ട രീതിയുമൊക്കെ അവരുടെ ഭാഷയിലെ കുഞ്ഞു വീഡിയോ ആയി എത്തിക്കുകയും ചെയ്തു. ഫോണില്‍ കൂടിയും വേണ്ട സഹായം എത്തിച്ചു നല്‍കിയിരുന്നു. കുറച്ചു കാലം സ്വന്തമായ ഒരു യൂട്യൂബ് ചാനലിലും , സോഷ്യല്‍ മീഡിയയിലും , tv ചാനലുകളിലും, ചര്‍ച്ചകളിലും കോവിഡിനെ കുറിച്ചു പറ്റുന്ന പോലെ ബോധവല്‍ക്കരണവും നടത്തിയിരുന്നു.

ഉന്നത തലത്തിലെ ചിലരുടെ സന്ദേശങ്ങളെക്കാള്‍ ഈ കൊച്ചു ശബ്ദത്തിനു ഒച്ച കൂടിയപ്പോള്‍ അടിച്ചമര്‍ത്താന്‍ മറക്കാത്ത ചിലരും ഉണ്ടായിരുന്നു എന്ന് എടുത്തു പറയേണ്ടി വന്ന ഒരു സമയമാണ്. മാനസികമായി വലിയ രീതിയില്‍ തളര്‍ത്താന്‍ ആ വാക്കുകള്‍ക്ക് കഴിഞ്ഞു എന്നതും സത്യം തന്നെ. അതുകൊണ്ടാണോ എന്നറിയില്ല ഇടക്ക് വെച്ചു ശബ്ദം ഇത്തിരി പതിയേ ആയത്. ജോലി തുടര്‍ന്നപ്പോഴും പല കാര്യങ്ങളും ഫ്ബിയില്‍ പോസ്‌ററ് ചെയ്യാന്‍ സൗകര്യപൂര്‍വ്വം മറന്നതും.

പക്ഷേ ദൈവമുണ്ടല്ലോ പുള്ളി എല്ലാം കാണുന്നുണ്ട്. നമ്മളേക്കാള്‍ കൂടുതല്‍ നമ്മളുടെ മനസ്സിനെ കാണാന്‍ പുള്ളിക്ക് കഴിയും എന്ന്തന്നെയാണ് വിശ്വാസം. പൂര്‍വാധികം ശക്തിയോടെ , വീണ്ടും ചാനലുകളിലും , സോഷ്യല്‍ മീഡിയയിലും സജീവമായി,പി.ര്‍.ഡി യുടെയും മലപ്പുറം കലക്ടറുടെയും പേജില്‍ വരെ എന്റെ സ്വന്തം ശൈലിയിലൂടെ വീഡിയോ ചെയ്യാനും കഴിഞ്ഞു. ചാനലുകളിളും ചര്‍ച്ചകളും , സംസാരവും, പരിപാടികളും നടത്തി. അതു മറ്റുള്ളവര്‍ക്ക് കുറച്ച് പേര്‍ക്കെങ്കിലും ഉപയോഗപ്രദമായി എന്നറിഞ്ഞപ്പോള്‍ മനസ്സില്‍ ഒരുപാട് സന്തോഷമുണ്ടായിരുന്നു.

മനസ്സില്‍ നല്ല വിഷമം വന്നപ്പോഴും, ചെയ്യേണ്ടത് ചെയ്യണം എന്ന ഒരു വിചാരം തന്നെയാണ് വീണ്ടും കര്‍മ്മ മണ്ഡലത്തിലേക്കു തിരിച്ചെത്തിച്ചത്. ഇതെല്ലാം കൊണ്ടു തന്നെ ഒരിക്കലും പ്രതീക്ഷിക്കാതെ കൈവന്നു ചേര്‍ന്ന കോവിഡ് കാലഘട്ടത്തിലെ പ്രവര്‍ത്തികള്‍ കണക്കെടുത്ത് നല്‍കിയ ‘covid warrior’ പുരസ്‌കാരത്തിന് ഒരുപാട് മാറ്റുണ്ട്. കേരള ഗവ മെഡിക്കല്‍ ഓഫീസര്‍മാരുടെ അസോസിയേഷന്‍ മുഖേന സ്ത്രീ ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ‘ജ്വാല ‘ മുഖേന ഞങ്ങളുടെ പ്രവര്‍ത്തന മികവ് അറിയുന്ന മലപ്പുറം ജില്ലാ മെഡിക്കല്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.സക്കീനയുടെ കൈയ്യില്‍ നിന്ന് ഈ ഉപഹാരം ഏറ്റു വാങ്ങിയപ്പോള്‍ ഒരുപാട് ഒരുപാട് സന്തോഷവും ഊര്‍ജവും കൈവന്ന പോലെ…

നമ്മള്ളറിയാതെ നമ്മളെ സ്‌നേഹിക്കുന്ന ഒരുപാട് പേര്‍ കൂടെ ഉണ്ട് എന്ന ഒരു തോന്നലും. നിങ്ങള്‍ ഓരോരുത്തരും തരുന്ന സ്‌നേഹം തന്നെയാണ് എന്നെ മുന്നോട്ടു നയിക്കുന്നത് ,എന്നെ ഞാനാക്കാന്‍ സഹായിക്കുന്നത് എന്നു വീണ്ടും മനസ്സിലാക്കി കൊണ്ട് എന്നെ സ്‌നേഹിക്കുന്നവര്‍ക്കും, എന്റെ പരിപാടി കണ്ട് സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും , ഞാന്‍ കേട്ടും കേള്‍ക്കാതെയും പിന്നില്‍ നിന്നും മുന്നില്‍ നിന്നും അസൂയയോടെ കുറ്റം പറയുന്നവര്‍ക്കും ഈ വുമണ്‍സ് ഡേ ദിനത്തില്‍ എനിക്ക് സ്‌പെഷ്യല്‍ ആശംസകള്‍ തന്നവര്‍ക്കും , എന്നെ കുറിച്ചു കുറിച്ചിട്ടവര്‍ക്കുമായി ഈ അവാര്‍ഡ് സമര്‍പ്പിക്കുന്നു….