തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മെയ് രണ്ടിന് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് ഡോ. ബിജു

നിയമസഭാ തെരഞ്ഞടുപ്പ് ഫലം വരുന്ന ദിവസമായ മെയ് രണ്ടിന് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി സംവിധായകന്‍ ഡോ. ബിജു. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കൃത്യമായി പാലിക്കപ്പെടണം, എണ്ണം കൂടുകയാണെങ്കില്‍ പിഴ ചുമത്തണമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ എന്നും രാഷ്ട്രീയക്കാര്‍ക്ക് മാത്രം കൊറോണ പ്രൊട്ടക്കോള്‍ ഒന്നും ബാധകമല്ല എന്ന സ്ഥിരം കലാപരിപാടി തന്നെ മെയ് 2 നും കാണേണ്ടി വരുമോ എന്നും ഡോ. ബിജു ചോദിക്കുന്നു.

ഡോ ബിജുവിന്റെ കുറിപ്പ് ചുവടെ:

‘മെയ് 2 ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണം. അടിയന്തിര കാര്യങ്ങള്‍ക്ക് മാത്രം അല്ലാതെ പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്തണം. എന്ത് കാര്യത്തിന് ആണ് പുറത്തിറങ്ങുന്നത് എന്നതിന് സത്യവാങ്മൂലം നല്‍കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഓരോ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കൃത്യമായി പാലിക്കപ്പെടണം. എണ്ണം കൂടിയാല്‍ പിഴ ഈടാക്കണം. വിജയാഘോഷങ്ങള്‍, റാലികള്‍ എന്നിവ ആള്‍ക്കൂട്ടം ചേര്‍ന്നു നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം.

തിരത്തെടുപ്പ് വിജയവും പരാജയവും ഒക്കെ അറിഞ്ഞാല്‍ മതിയല്ലോ. അത് അറിയിക്കാന്‍ ഇവിടെ ഇപ്പോള്‍ ആവശ്യത്തിലുമധികം വാര്‍ത്താ ചാനലുകള്‍ ഉണ്ട് . വീട്ടിലിരുന്ന് വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാം. അല്ലാതെ വിജയവും പരാജയവും ആഘോഷിക്കാന്‍ കൂട്ടം കൂടി റോഡിലിറങ്ങി കൊറോണ പരത്തേണ്ടതില്ലല്ലോ. പൊതുയോഗങ്ങളും, സ്വീകരണ യോഗങ്ങളും, നേതാക്കളുടെ ഗീര്‍വാണ പ്രസംഗങ്ങളും ഒന്നും ഇപ്പോള്‍ പൊതു നിരത്തില്‍ ആവശ്യമില്ല.

അപ്പോള്‍ ചോദ്യം ഇതേയുള്ളൂ. മെയ് 2ന് പൊതു ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ തയ്യാറുകുമോ. അതോ രാഷ്ട്രീയക്കാര്‍ക്ക് മാത്രം കൊറോണ പ്രൊട്ടക്കോള്‍ ഒന്നും ബാധകമല്ല എന്ന സ്ഥിരം കലാപരിപാടി തന്നെ മെയ് 2 നും കാണേണ്ടി വരുമോ. ഇപ്പോള്‍ കാറില്‍ മാസ്‌കില്ലാത്തവരെ പോലും ഓടിച്ചിട്ടു പിടിക്കുന്ന പോലീസ് ശൗര്യം മെയ് 2 ന് വമ്ബന്‍ രാഷ്ട്രീയ ജാഥകള്‍ക്ക് മുന്‍പില്‍ കാവലായി നടക്കുന്ന വിനീത വിധേയര്‍ ആയി മാറുമോ.’