പത്താംക്ലാസുകാരിയെ അടിച്ചുമാറ്റികൊണ്ടുപോയ ഷിബിൻ മുൻപ് പെണ്ണുകേസിൽ അടികൊണ്ടയാൾ

പത്തനംതിട്ട മൂഴിയാരിൽ ഒരു കുട്ടിയുള്ള വിവാഹിതനായ സ്വകാര്യ ബസ് ഡ്രൈവരോടൊപ്പം പത്താം ക്ലാസുകാരി ഒളിച്ചോടിയതിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആവേ മരിയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവർ ചിറ്റാർ പേഴുംപാറ സ്വദേശി ഷിബിനൊപ്പ (33) മാണ് പെൺകുട്ടി പോയിരിക്കുന്നത്. പത്തനംതിട്ട സ്വകാര്യ ബസ് ടെർമിനലിൽ രാവിലെ ബസ് എത്തിച്ച ശേഷമാണ് ഇയാൾ പെൺകുട്ടിയുമായി അപ്രത്യക്ഷനായത്. സീതത്തോട് കൊച്ചുകോയിക്കൽ എന്ന സ്ഥലത്ത് വാടകക്ക് താമസിക്കുന്നയാളാണ് ഷിബിൻ. ഇരുവരെയും കോട്ടയത്തു നിന്നും പോലീസ് പിടികൂടി

ഷിബിൻ മുൻപും സമാന രീതിയിൽ പെൺകുട്ടികളെ കൊണ്ടുപോകാൻ നോക്കിയ ആളാണെന്ന് പൊലീസിന് വിവരം ലഭിച്ചു. നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്ത് വിട്ടതിനാൽ പൊലീസ് കേസായില്ല.

ഇന്നലെ തട്ടിക്കൊണ്ടു പോയ പെൺകുട്ടി ഷിബിൻ ഓടിക്കുന്ന സ്വകാര്യ ബസിലെ സ്ഥിരം യാത്രികയായിരുന്നു. കണ്ടുള്ള പരിചയത്തിൽ ഫോൺ വിളി തുടങ്ങിയിട്ട് കഷ്ടിച്ച് രണ്ടാഴ്ച തികയുന്നതേയുള്ളൂ. പെൺകുട്ടിയുടെ പിതാവ് വിദേശത്താണ്. മകൾക്ക് വന്ന മാറ്റം മാതാവ് കണ്ടു പിടിച്ചു. സുഹൃത്ത് ബസ് ഡ്രൈവർ ആണെന്ന് അറിഞ്ഞപ്പോൾ താക്കീത് ചെയ്തു. അമ്മയോടുള്ള വാശിക്ക് പെൺകുട്ടി ഷിബിനെ വിളിക്കുന്നത് തുടർന്നു. വീട്ടിൽ നടന്ന സംഭവങ്ങളും പറഞ്ഞു

മകൾ തനിക്കൊപ്പമുണ്ടെന്നും സുരക്ഷിതയാണെന്നും ഒന്ന് ഉപദേശിച്ച് റെഡിയാക്കി 10 മണിയാകുമ്പോഴേക്കും തിരികെ വിടാമെന്നായിരുന്നു ഷിബിനെ വിളിച്ചപ്പോൾ കിട്ടിയ മറുപടി. പിന്നീട് പൊലീസ് പിടിയിലായപ്പോഴും ഷിബിൻ ഇതേ ഡയലോഗ് തന്നെയാണ് പൊലീസുകാരോടും പറഞ്ഞത്. ഉപദേശിക്കാൻ കൊണ്ടു പോയതാണ്. നേരത്തേ പ്രണയിച്ച് വിവാഹിതനായ ഷിബിന് ഒരു കുട്ടിയുമുണ്ട്.

അതേസമയം ഡ്രൈവറായ ഷിബിൻ പെൺകുട്ടിയുമായി നാടുവിട്ടത് കടം വാങ്ങിയ 500 രൂപയുമായി. ആലപ്പുഴ, ചേർത്തല, ഏറ്റുമാനൂർ വഴി കോട്ടയം മെഡിക്കൽ കോളജ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിലെത്തി വിശ്രമിക്കുമ്പോഴാണ് ഇരുവരും പൊലീസിന്റെ പിടിയിലായത്. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്ന് തെളിഞ്ഞു. എങ്കിലും പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയിൽ പ്രതിക്ക് അഴിയെണ്ണേണ്ടി വരും.

പോകുന്ന വഴി സിംകാർഡ് നശിപ്പിച്ചു കളഞ്ഞു. ആലപ്പുഴയിൽ നിന്നും ചേർത്തലയിലെത്തിയപ്പോൾ കുട്ടിയുടെ കാതിലുണ്ടായിരുന്ന കമ്മൽ അവിടെ ഒരു ജുവലറിയിൽ വിറ്റു. 3500 രൂപ കിട്ടി. പുതിയ ഡ്രസുമൊക്കെ വാങ്ങി അവിടെ നിന്ന് കോട്ടയത്തിന് പുറപ്പെട്ടു. ആദ്യം ഏറ്റുമാനൂരിലൊക്കെ കറങ്ങി പിന്നീടാണ് കോട്ടയം മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിലെത്തിയത്. ഇതിന് തൊട്ടടുത്ത ലോഡ്ജിൽ ഇരുവരും റൂമെടുത്തു. കുട്ടിയെയും ഷിബിനെയും കണ്ട് സംശയം തോന്നിയ രണ്ടു വനിതകളാണ് വിവരം പൊലീസിൽ അറിയിച്ചത്.

മാതാവിന്റെ ഫോണിൽ നിന്നാണ് പെൺകുട്ടി ഷിബിനെ വിളിച്ചിരുന്നത്. മകളുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാവ് ഫോണിൽ റെക്കോഡിങ് ഓപ്ഷൻ ഇട്ടിരുന്നു. പുലർച്ചെ നാടുവിടാനുള്ള തീരുമാനം അങ്ങനെ മാതാവ് അറിയുകയും ചെയ്തിരുന്നു. പെൺകുട്ടിക്ക് മാതാവ് കാവലിരിക്കുന്നതിനിടെയാണ് പുലർച്ചെ നാലിന് കണ്ണുവെട്ടിച്ച് പെൺകുട്ടി കടന്നു കളഞ്ഞതെന്നാണ് മാതാവ് പൊലീസിന് നൽകിയിരിക്കുന്ന മൊഴി.

ഇതിനിടയിൽ മകളെ കാണാനില്ലെന്ന് അറിഞ്ഞതോടെ മാതാവ് ഷിബിന്റെ ഫോൺ നമ്പറിലേക്ക് വിളിച്ചു. നിങ്ങളുടെ മകൾ എന്റെ കൈയിൽ സുരക്ഷിതയായിരിക്കുമെന്ന് പറഞ്ഞ് ഇയാൾ ഫോൺ ഓഫ് ചെയ്യുകയായിരുന്നു, ഷിബിന്റെ മുൻകാല ചരിത്രം മനസിലാക്കിയ പോലീസ്‌ ആ വഴിക്കു നടത്തിയ അന്വേഷണമാണു വൈകിട്ടോടെ കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്‌. കോട്ടയം സ്വകാര്യ ബസ്‌ സ്‌റ്റാൻഡിനു സമീപത്തെ ലോഡ്‌ജിലാണ്‌ ഇരുവരും ഉണ്ടായിരുന്നത്‌. അൺഎയ്‌ഡഡ്‌ സ്‌കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടി ബസ്‌ യാത്രയ്‌ക്കിടെയാണു ഷിബിനെ പരിചയപ്പെട്ടത്. ഇയാൾ കൊച്ചുകോയിക്കലിനു സമീപം വാടകയ്‌ക്കു താമസിക്കുകയാണ്‌.