കള്ളപ്പണം വെളുപ്പിക്കൽ, ആംആദ്മി നിയമസഭാംഗം അമാനത്തുല്ല ഖാന്റെ വസതിയിലും ഓഫീസിലും ഇ.ഡി റെയ്ഡ്

ന്യൂഡൽഹി. കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി ഡൽഹിയിലെ എഎപി നിയമസഭാംഗം അമാനത്തുള്ള ഖാന്റെ വസതിയിലും ഓഫീസിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ (ഇ.ഡി) പരിശോധന. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വകുപ്പുകൾ പ്രകാരമാണ് പരിശോധന. റെയ്ഡ് നടക്കുന്ന ഓഖ്‌ലയിലെ വസതിക്ക് പുറത്ത് കനത്ത സുരക്ഷാ വിന്യാസമാണ് നടത്തിയിട്ടുള്ളതെന്നാണ് റിപ്പോർട്ട്.

ഓഖ്‌ലയിൽനിന്നുള്ള എം.എൽ.എ ആയ അമാനത്തുല്ല, ഡൽഹി വഖഫ് ബോർഡ് ചെയർമാൻ കൂടിയാണ്. വഖഫ് ബോർഡ് നിയമനത്തിൽ അഴിമതി ആരോപിച്ച് 2020ൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിലെ അഴിമതി വിരുദ്ധ വിഭാഗം കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അമാനത്തുല്ലയെ അറസ്റ്റ് ചെയ്തിരുന്നു. അമാനത്തുല്ലക്കെതിരെ ഡൽഹി ആന്‍റി കറപ്ഷൻ ബ്യൂറോയും സി.ബി.ഐയും നേരത്തെ കേസെടുത്തിട്ടുണ്ട്.

ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എ.എ.പി നേതാവ് സഞ്ജയ് സിങ്ങിനെ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് മറ്റൊരു ആപ് നേതാവിനെതിരെ കൂടി നടപടി പുരോഗമക്കുന്നത്. വസതിയിലും ഓഫീസിലും റെയ്ഡ് നടത്തിയ ശേഷമായിരുന്നു സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്തിരുന്നത്.