ഇപ്പോൾ മോങ്ങികൊണ്ട് നടക്കുന്ന ആരും എന്തുകൊണ്ട് അവളെ പോയി വിളിച്ചിറക്കി കൊണ്ടു വന്നില്ല; ഇവ ശങ്കര്‍

മോഡല്‍ ഷഹനയുടെ മരണത്തിന്റെ നടുക്കത്തിലാണ് മലയാളികള്‍. കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് ഇപ്പോഴും ചോദ്യം ഉയരുന്ന സാഹചര്യത്തില്‍ അന്വേഷണം ത്വരിതഗതിയിലാണ്. സംഭവത്തെക്കുറിച്ച് ഇവ ശങ്കര്‍ പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാണ്.

കുറിപ്പ് വായിക്കാം….

മലയാളികൾ എന്താ ഇങ്ങനെ? ഒരിക്കലും അനുഭവങ്ങളിൽ നിന്നും പഠിക്കാത്ത നാടായി നമ്മുടെ നാടും മാറുന്നു .. സ്ത്രീധനമരണങ്ങൾ ഇത് ആദ്യമല്ല, പെൺകുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ കല്യാണം കഴിപ്പിച്ചു കൊടുക്കുമ്പോൾ തങ്ങളുടെ ബാധ്യത തീർന്നു എന്ന് കരുതുന്ന മാതാപിതാക്കൾ ഇനി എന്നാണു പഠിക്കുന്നത് ? മാതാപിതാക്കളുടെ ഇത്തരം എടുത്തുചാട്ടം കാരണം എത്രയോ വീടുകളിൽ ഇപ്പോഴും പുറത്തു കേൾക്കാത്ത തേങ്ങലുകൾ ഉയരുന്നു … അവസാനം സഹിക്ക വയ്യാതെ ഒരു മുഴം കയറിലോ , ഒരു കുപ്പി വിഷത്തിലോ ആ ജീവൻ അവസാനിക്കുന്നു …

ആ പെൺകുട്ടി ഭർത്താവ് കൊല്ലും എന്ന് വരെ സ്വന്തം വീട്ടിൽ വിളിച്ചു പറഞ്ഞിട്ടും ഇപ്പോൾ മോങ്ങികൊണ്ട് നടക്കുന്ന ആരും എന്തുകൊണ്ട് അന്ന് അവളെ പോയി വിളിച്ചിറക്കി കൊണ്ടു വന്നില്ല.ചെറു പ്രായത്തിൽ കെട്ടിച്ചതും പോരാഞ്ഞു, മകൾ ഇത്രേം കാലം അനുഭവിച്ചതിനു ഒരു കേസ് പോലും ഇല്ലെന്നതാണ് അത്ഭുതം.കൊല്ലാൻ ഇട്ടു കൊടുത്തു അതാണ് സത്യം. അവനും ഈ കുട്ടിയുടെ വീട്ടുകാരും തെറ്റുകാർ ആണ്.

ഭർത്താവ് കൊല്ലുന്നത് വരെ മകളോട് പറയും മോളെ ജീവിതം ഇങ്ങനെ ഒക്കെയാണ്, നമ്മളാണ് സഹിച്ചും ക്ഷമിച്ചും ഒക്കെ നിക്കേണ്ടത്. ബന്ധം വേണ്ടെന്നൊക്കെ വച്ചാ നാട്ടുകാർ എന്താ പറയാ. അതുകൊണ്ട് നീ എല്ലാം സഹിക്കണം….. പെണ്ണിനെ കൊല്ലുകയോ ജീവിതം മടുത്ത് ആത്മഹത്യ ചെയ്‌താലോ അപ്പൊ വരും എന്റെ പൊന്നു മോൾ ആയിരുന്നു അവൻ അവളെ കൊന്നതാണെ എന്നൊക്കെ പറഞ്ഞു. സത്യത്തിൽ കൊല്ലാനും ചാവാനും അവസരം ഉണ്ടാക്കി കൊടുത്തിട്ട് എന്തിനാണ് ഇപ്പോൾ നിന്ന് കരയുന്നത്?ഒരു കാര്യം വീട്ടുകാർ മനസിലാക്കേണ്ടതുണ്ട് നാട്ടുകാർ അല്ല മോളെ പ്രസവിച്ചതും ഊട്ടിയതും കൊണ്ട് നടന്നതും ഒന്നും.. അതുകൊണ്ട് മകൾ വിവാഹബന്ധം വേണ്ടാന്ന് വെച്ചു വന്നാലും ഒരു താങ്ങായി വീട്ടുകാർ ഉണ്ടായാൽ മതി അങ്ങനെ എങ്കിൽ ഒരു പെണ്ണും ആത്മഹത്യ ചെയ്യില്ല,ആർക്കും അവളെ കൊല്ലാനും പറ്റില്ല.

വേണ്ടെന്ന് പറയുന്ന ബന്ധം പിന്നെയും തുടരാൻ നിർബന്ധിക്കുമ്പോ തന്നെ അവൾ പാതി മരിച്ചു. പിന്നെയും സഹിച്ചു നിൽക്കുന്നവർ ഉണ്ടാവാം. എല്ലാർക്കും അതിന് കഴിയില്ല.കൊല്ലും കൊല്ലും എന്ന് ആ മോള് പറഞ്ഞിട്ടുണ്ടെങ്കിൽ മരണത്തിലെക്ക് ആ മോളെ തള്ളിവിട്ടിട്ട് അത് തടയാനുള്ള നടപടി സ്വീകരിക്കാതെ ഇത് പോലെ ചാനലുകളുടെ മുൻപിൽ വന്ന് കരഞ്ഞിട്ടു എന്ത് നേട്ടമാണുള്ളത്. ജീവിതം ഒന്നേയുള്ളു അത് പരിക്ഷണത്തിന് വിട്ടു കൊടുക്കാനുള്ളതല്ല.ഇവിടെ ശിക്ഷയും നിയമവും വളരെ ദുർബലമായതുകൊണ്ടാണ് കോഴിയെ കൊല്ലുന്ന പോലെ പെൺകുഞ്ഞുങ്ങളെ കൊല്ലുന്നത് ആരോട് പറയാൻ, ആര് കേൾക്കാൻ, നാട്ടിൽ ജുഡീഷ്യറി മരിച്ചു പോയി പോയി…