മരണം മുന്നിൽ കണ്ട പ്രിൻസ് തിരികെ നാട്ടിലെത്തി, യുദ്ധഭൂമിയിൽ നിന്നും തികെ ജീവിതത്തിലേക്ക്

തിരുവനന്തപുരം : മനുഷ്യക്കടത്തിന് ഇരയായി റഷ്യയുടെ യുദ്ധഭൂമിയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ കേരളത്തിൽ എത്തി. റഷ്യയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രിൻസ് ഡൽഹിയലെത്തിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12.45- ഓടെ പ്രിൻസ് കേരളത്തിലെത്തി. പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെയാണ് സെക്യൂരിറ്റി ജോലി വാ​ഗ്ദാനം ചെയ്ത് ട്രാവൽ ഏജന്റുമാർ റഷ്യയിലേക്ക് കൊണ്ടുപോയത്.

എഴ് ലക്ഷം രൂപയാണ് തുമ്പ സ്വദേശിയായ എജന്റിന് പ്രിൻസ് കൈമാറിയത്. 22 ദിവസത്തെ പരിശീലനത്തിന് ശേഷം തോക്ക് നൽകി യുദ്ധം നടക്കുന്നിടത്തേക്ക് അയച്ചുവെന്ന് പ്രിൻസ് പറഞ്ഞു. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 150- ഓളം ഇന്ത്യക്കാർ യുദ്ധമുഖത്തുണ്ട്. അലക്സ് എന്ന വ്യക്തിയായിരുന്നു റഷ്യയിൽ സ്വീകരിക്കാനെത്തിയത്. ആദ്യദിനം തന്നെ പ്രിൻസിന് വെടിയേറ്റ് കാലിനും മുഖത്തും പരിക്കേറ്റിരുന്നു.

തുടർന്ന് ഭൂമിക്കടിയിലെ തുരങ്കം വഴി രക്ഷപ്പെട്ടു. അതിന് ശേഷം സൈനിക ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു പ്രിൻസ്. മികച്ച ശമ്പളവും ജോലിയും വാ​ഗ്ദാനം നൽകി പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ എന്നിവരെയാണ് ഏജന്റുമാർ റഷ്യയിലേക്ക് കൊണ്ടുപോയത്. റഷ്യയിലെത്തിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്ന് ഏജന്റുമാർ നിർബന്ധപൂർവ്വം പാസ്പോർട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി യുദ്ധം നടക്കുന്ന ഇടങ്ങളിലേക്ക് അയക്കുകയും ചെയ്യുന്നതായി ആരോപണം ഉയർന്നിരുന്നു.