കാറില്‍ നിന്ന് ഉറങ്ങി എഴുന്നേറ്റപ്പോള്‍ ജംഷീദിനെ കാണാനില്ലെന്ന് സുഹൃത്തുക്കള്‍; ലഹരി മാഫിയ കൊന്നതാണെന്ന് കുടുംബം

കോഴിക്കോട്: കൂരാച്ചുണ്ട് സ്വദേശി ജംഷിദിനെ ലഹരി മാഫിയ സംഘം കൊലപ്പെടുത്തിയതാണെന്ന ആരോപണവുമായി കുടുംബം. കൊലപ്പെടുത്തിയ ശേഷം മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് ആരോപണം. യുവാവിനൊപ്പം യാത്ര ചെയ്തവർ മയക്കുമരുന്ന് കേസിലെ പ്രതികളാണെന്നും പിതാവ് മുഹമ്മദ്  പറഞ്ഞു.

പ്രവാസിയായ ജംഷിദ് ഈ മാസം ഏഴിനാണ് കൂരാച്ചുണ്ട് സ്വദേശികളായ രണ്ടുപേർക്കൊപ്പം കർണാടകയിൽ വിനോദയാത്രയ്ക്കു പോയത്. ഇതിനു പിന്നാലെ ജംഷിദിനെ കാണാനില്ലെന്ന് കൂടെയുണ്ടായിരുന്നുവർ വീട്ടുകാരെ അറിയിച്ചു. സുഹൃത്താണ് അപകടവിവരം വീട്ടുകാരെ അറിയിച്ചത്. കാറിൽ ഉറങ്ങി എഴുന്നേറ്റതിനുശേഷം ജംഷിദിനെ കാണാനില്ലെന്നായിരുന്നു സുഹൃത്തുക്കൾ നൽകിയ മൊഴി.

പിന്നീടാണ് യുവാവിനെ മാണ്ഡ്യയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണവിവരം അറിഞ്ഞ് മാണ്ഡ്യയിലെത്തിയ പിതാവ് മുഹമ്മദിനോട് ജംഷിദ് ട്രെയിൻ തട്ടി മരിച്ചെന്നായിരുന്നു പൊലീസ് വ്യക്തമാക്കിയത്. മയക്കുമരുന്ന് മാഫിയയുടെ ഇടപാടുകൾക്ക് കൂട്ടുനിൽക്കാത്തതിനാലാകാം മകനെ കൊലപ്പെടുത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് എസ്.പി ഉൾപ്പെടെയുള്ളവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.