തനിക്ക് കോവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടായിരുന്നെന്ന് ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ സ്ത്രീ; പേടിച്ച് തുണിക്കടയില്‍ നിന്ന് ഓടി രക്ഷപ്പെട്ട് ഒരു കുടുംബം

തൊടുപുഴ: ലോകം മുഴുവന്‍ കൊറോണ ഭയത്തില്‍ ആയിരിക്കെ പലതും പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തൊടുപുഴയില്‍ ഉണ്ടായത്. ഓസ്‌ട്രേലിയയില്‍ നിന്നും എത്തിയ യുവതി തനിക്ക് കോവിഡ് 19 ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്ന് തൊടുപുഴയിലെ പ്രമുഖ വസ്ത്ര ശാലയില്‍ തുണിയെടുക്കാന്‍ എത്തിയപ്പോള്‍ പറഞ്ഞു. എനന്നാല്‍ ഇത് കേട്ടതോടെ കടയില്‍ എങ്ങും പരിഭ്രാന്തി പടര്‍ന്നു. ഇതോടെ ബില്ലടയ്ക്കാനായി ഇവര്‍ക്ക് മുന്നില്‍ നിന്ന കുടുംബം ഓടി രക്ഷപ്പെടുകയായിരുന്നു.

ഇന്നലെ ഉച്ചയോടെ തൊടുപുഴ നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന വസ്ത്ര വില്‍പ്പന ശാലയിലാണ് സംഭവം ഉണ്ടായത്. വസ്ത്രം വാങ്ങി ബില്‍ കൊടുക്കാനായി കൗണ്ടറിന് സമീപം നിന്നപ്പോഴാണ് സ്ത്രീ തനിക്ക് നേരത്തെ കോവിഡ് ലക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നും എന്നാല്‍ പരിശോധന ഫലത്തില്‍ നെഗറ്റീവ് ആയിരുന്നു എന്നും പറഞ്ഞത്. ഇത് കേട്ടതോടെ യുവതിയുടെ തൊട്ട് മുന്നില്‍ ബില്‍ കൊടുക്കാനായി നിന്ന കുടുംബം പരിഭ്രാന്തരായി.

യുവതിക്ക് തൊട്ടു മുന്നിലായി ബില്‍ കൊടുക്കാന്‍ നിന്ന 2 കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടുന്ന കുടുംബമാണ് അത് കേട്ട് പരിഭ്രാന്തരായത്. ഇതോടെ, ഇവര്‍ എടുത്ത തുണി ഉപേക്ഷിച്ച് കടയില്‍ നിന്നു പുറത്തേക്ക് ഓടി. കോവിഡിന്റെ പശ്ചാത്തലത്തില്‍, കൈകള്‍ വൃത്തിയാക്കുന്നതിനായി പ്രസ് ക്ലബ് സജ്ജമാക്കിയ സ്ഥലത്ത് എത്തി ഇവര്‍ കൈകള്‍ കഴുകി. വിവരം അറിഞ്ഞ മാധ്യമ പ്രവര്‍ത്തകര്‍ ആരോഗ്യ പ്രവര്‍ത്തകരെയും പൊലീസിനെയും വിവരം അറിയിച്ചു. ഇതിനിടെ വസ്ത്ര വില്‍പനശാലയിലുണ്ടായിരുന്ന സ്ത്രീ സ്ഥലം വിട്ടു. ഇവര്‍ എവിടെയുള്ളവര്‍ ആണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

മറ്റൊരു സംഭവത്തില്‍ സീറ്റില്‍ ഒറ്റരിക്കുന്നതിനായി അടുത്തിരിക്കാന്‍ വന്ന ആളിനോട് കൊറോണയാണെന്നു പറഞ്ഞ യുവാവിനെ മറ്റു യാത്രക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു പരിശോധന നടത്തി. ഇന്നലെ രാവിലെ 6.30ന് താമരശ്ശേരിയിലാണ് സംഭവം. കോഴിക്കോട്ടു നിന്ന് മൈസൂരുവിലേക്കു പോവുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. ഈ ബസ് കൊടുവള്ളിയില്‍ എത്തിയപ്പോള്‍ കയറിയ യാത്രികന്‍ മൈസൂരു സ്വദേശിയായ യുവാവിന്റെ സീറ്റിനരികില്‍ ഇരിക്കാനെത്തി.

അപ്പോള്‍ യുവാവ് തനിക്ക് കൊറോണയുണ്ടെന്നും അടുത്തിരിക്കരുതെന്നും പറയുകയായിരുന്നു. ഇതു കേട്ട് ഞെട്ടിയ യാത്രക്കാരന്‍ പ്രശ്‌നം കണ്ടക്ടറുടെ ശ്രദ്ധയില്‍പെടുത്തി. യാത്രക്കാര്‍ പരിഭ്രാന്തരായതോടെ കണ്ടക്ടര്‍ താമരശ്ശേരി പൊലീസ് സ്റ്റേഷനു മുന്‍പില്‍ ബസ് നിര്‍ത്തി വിവരം അറിയിച്ചു. ഉടന്‍ തന്നെ പൊലീസ് യാത്രക്കാരനെ ബസില്‍ നിന്നിറിക്കി താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പരിശോധനയ്ക്കു വിധേയനാക്കി.

രിശോധനയില്‍ കൊറോണ ലക്ഷണം കണ്ടെത്തിയില്ലെന്ന റിപ്പോര്‍ട്ട് വന്ന ശേഷമാണ് ബസ് വീണ്ടും പുറപ്പെട്ടത്. സംഭവം കൈവിട്ടു പോയതോടെ പുതിയ വാദവുമായി യുവാവ് രംഗത്തെത്തി. കൊറോണ മാസ്!ക് ധരിക്കാത്തതിനെപ്പറ്റിയാണ് താന്‍ പറഞ്ഞതെന്നും തന്റെ ഭാഷ അടുത്തിരിക്കാന്‍ വന്നയാള്‍ക്കു മനസ്സിലാവാത്തതാണ് പ്രശ്!നങ്ങള്‍ക്കു കാരണമെന്നുമാണ് മൈസൂരു സ്വദേശിയായ യുവാവിന്റെ വാദം.