സംസ്ഥാനത്ത് പനി പടരുന്നു; 18 ദിവസത്തിനിടെ ചികിത്സ തേടിയത് ഒന്നര ലക്ഷം പേർ

സംസ്ഥാനത്ത് മഴക്കാലം ആരംഭിച്ചതിന് പിന്നാലെ പനി പടരുന്നു. ഇന്നലെ മാത്രം പതിനായിരത്തിലധികം ആളുകൾ ചികിത്സ തേടിയെന്നാണ് അനൗദ്യോഗിക കണക്കുകൾ. മൂന്നാഴ്ചക്കിടെ എലിപ്പനി ബാധിച്ച് 12 പേരും ഡെങ്കിപ്പനി ബാധിച്ച് 13 പേരും മരിച്ചു.

അതേസമയം പകർച്ചവ്യാധികൾക്കെതിരെ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. ഞായറാഴ്ച പനി ബാധിച്ചവരുടെ എണ്ണം വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. കഴിഞ്ഞ ആറു മാസത്തിനിടെ 30-ൽ കൂടുതൽ ആളുകൾ എലിപ്പനി ബാധിച്ചു മരിച്ചിട്ടുണ്ട്. 20-ൽ കൂടുതൽ ആളുകൾ ഡെങ്കിപ്പനി ബാധിച്ചു മരിച്ചെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്.

മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഏതെങ്കിലും തരത്തിലുള്ള ഔട്ട്ബ്രേക്ക് ഉണ്ടായാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താന്‍ ഉന്നതതല യോഗം ചേര്‍ന്നു.

ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ കണ്ട് പ്രത്യേക വാര്‍ഡും ഐസിയുവും സജ്ജമാക്കണം. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉണ്ടായിരിക്കണം. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റേയും സുരക്ഷാ ഉപകരണങ്ങളുടേയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം. ഡോക്സിസൈക്ലിന്‍, ഒ.ആര്‍.എസ്. എന്നിവ അധികമായി കരുതണം. മരുന്ന് സ്റ്റോക്ക് ഇടയ്ക്കിടയ്ക്ക് വിലയിരുത്തി മുന്‍കൂട്ടി ബന്ധപ്പെട്ടവരെ അറിയിച്ച് മരുന്ന് ലഭ്യത ഉറപ്പാക്കണം.