ആദ്യ ഹജ്ജ് വിമാനം മന്ത്രി വി അബ്ദുറഹ്‌മാൻ ഫ്ളാഗ് ഓഫ് ചെയ്തു

കേരളത്തിൽ നിന്നുള്ള ഈ വർഷത്തെ ആദ്യ ഹജ്ജ് വിമാനം കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. ഹജ്ജിന്റെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാൻ ഫ്ളാഗ് ഓഫ് ചെയ്തു. ഞായറാഴ്ച പുലർച്ചെ 1.45-ഓടെയാണ് വിമാനം ജിദ്ദയിലേക്ക് പുറപ്പെട്ടത്.

കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള 145 തീർഥാടകരാണ് ആദ്യ വിമാനത്തിലുള്ളത്. എയർ ഇന്ത്യ എക്സ്പ്രസാണ് കണ്ണൂരിൽനിന്ന് ഹജ്ജ് സർവീസ് നടത്തുന്നത്. കെ കെ ശൈലജ എം എൽ എ, മുൻ എം എൽ എ എം വി ജയരാജൻ, ഹജ്ജ് കമ്മറ്റി അംഗങ്ങൾ എംബാർക്കേഷൻ നോഡൽ ഓഫീസർ എം സി കെ അബ്ദുൾ ഗഫൂർ, ഹജ്ജ് സെൽ ഓഫീസർ എൻ നജീബ്, കിയാൽ എം ഡി സി ദിനേഷ് കുമാർ എന്നിവർ പങ്കെടുത്തു.

4 മുതൽ 22 വരെയായി 13 വിമാനങ്ങളാണ് കണ്ണൂരിൽ നിന്ന് സർവീസ് നടത്തുക. 22-ന് വൈകിട്ട് 3.30-നാണ് അവസാനത്തെ സർവീസ്. ഒന്നിടവിട്ട ദിവസങ്ങളിലാണ് കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവീസുകൾ. ആകെ 1947 പേരാണ് കണ്ണൂരിൽ നിന്ന് ഹജ്ജ് തീർഥാടനത്തിന് പോകുന്നത്.

കരിപ്പൂരിൽനിന്നുള്ള ആദ്യ ഹജ്ജ് വിമാനം 145 തീർഥാടക ആളുകളുമായി പുറപ്പെട്ടു.സംസ്ഥാന ന്യൂനപക്ഷ ക്ഷേമ, കായിക, വഖഫ്, ഹജ്ജ് തീർത്ഥാടന വകുപ്പ് മന്ത്രി വി.അബ്ദു റഹ്മാൻ ഫ്ളാഗ് ഓഫ് ചെയ്തു. പുലർച്ചെ 4.25 നാണ് 145 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടത്.

എം.പി മാരായ എം.പി. അബ്ദുസ്സമദ് സമദാനി, എം.കെ. രാഘവൻ, ടി. വി ഇബ്രാഹീം എം.എൽ.എ, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി എന്നിവർ യാത്രയാക്കാൻ എത്തി.ആദ്യ വിമാനത്തിൽ 69 പുരുഷന്മാരും 76 സ്ത്രീകളും രണ്ടാമത്ത വിമാനത്തിൽ 77 പുരുഷന്മാരും 68 സ്ത്രീകളുമായിരിക്കും.