മുന്‍ വ്യോമസേന മേധാവി ആര്‍കെഎസ് ബദൗരിയ ബിജെപിയില്‍

ന്യൂഡല്‍ഹി: വ്യോമസേന മുന്‍ മേധാവി ആർകെഎസ് ബദൗരിയ ബിജെപിയില്‍ ചേർന്നു. ന്യൂഡല്‍ഹിയിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് ബദൗരിയ അംഗത്വം സ്വീകരിച്ചത്. 40 വര്‍ഷത്തോളം വ്യോമസേനയില്‍ സേവനം അനുഷ്ഠിച്ച ബദൗരിയ, 2021 ലാണ് സേനയില്‍ നിന്നും വിരമിച്ചത്. തന്റെ കഴിഞ്ഞ എട്ട് മുതല്‍ 10 വര്‍ഷത്തെ സേവനത്തെ ‘സുവര്‍ണ്ണ കാലഘട്ടം’ എന്നാണ് ബദൗരിയ വിശേഷിപ്പിച്ചത്. ദേശീയ സുരക്ഷയ്ക്കായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികളെ പ്രശംസിച്ച അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീര്‍ഘവീക്ഷണത്തെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

റാഫേല്‍ യുദ്ധവിമാനം പറത്തിയ ആദ്യ വ്യോമസേന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ബദൗരിയ. വിമാനങ്ങള്‍ക്കായി ഫ്രാന്‍സുമായുള്ള കരാർ അന്തിമമാക്കുന്നതിലും നിർണായക പങ്കുവഹിച്ചിരുന്നു. 2019 സെപ്തംബർ മുതല്‍ 2021 സെപ്തംബർ വരെയാണ് ബദൗരിയ വ്യോമസേന മേധാവിയായി സേവനമനുഷ്ടിച്ചത്.

കരസേന മേധാവിയായി ചുമതലയേല്‍ക്കുന്നതിന് മുന്‍പ് എയർ സ്റ്റാഫ് വൈസ് ചീഫായും പ്രവർത്തിച്ചു. 2017 മാർച്ച് മുതല്‍ 2018 ഓഗസ്റ്റ് വരെ സതേണ്‍ എയർ കമാന്‍ഡില്‍ എയർ ഓഫിസർ കമാന്‍ഡിങ് ഇന്‍ ചീഫായി പ്രവർത്തിച്ചിരുന്നു. 36 വർഷം നീണ്ട കരിയറില്‍ അതി വിശിഷ്ട് സേവ മെഡല്‍, വായു സേന മെഡല്‍, പരം വിശിഷ്ട് സേവ മേഡല്‍ തുടങ്ങി നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.