പരസ്യത്തിൽ അടിമുടി മാറ്റവുമായി ഗൂഗിൾ; പതിനെട്ടു വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഒഴിവാക്കിയേക്കും

പരസ്യവിതരണത്തിൽ അടിമുടിമാറ്റവുമായി ഗൂഗിൾ.18 വയസിൽ താഴെയുള്ളവരെ ലക്ഷ്യമിട്ടുള്ള പരസ്യങ്ങൾ ഒഴിവാക്കാനുള്ള നിലാപാട് സ്വീകരിച്ചിരിക്കുകയാണ് കമ്പനി. 18 വയസിൽ താഴെയുള്ള കൗമാരക്കാർക്കും കുട്ടികൾക്കും ഓൺലൈൻ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടി ക്രമങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ നീക്കം.

കഴിഞ്ഞ ദിവസം ഉപഭോക്താക്കൾക്ക് അധിക സുരക്ഷ നൽകുന്ന പുതിയ ഫീച്ചർ കമ്പനി അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചർ അനുസരിച്ച് ഗൂഗിൾ ഡ്രൈവിൽ നിന്നും ഡൗൺലോഡ് ചെയ്യുന്ന ഫയലുകൾ സംബന്ധിച്ച് ഗൂഗിൾ അപകടമുന്നറിയിപ്പ് നൽകും. ഡൗൺലോഡ് ചെയ്യാൻ പോകുന്ന ഫയലുകൾക്ക് മുകളിലായി നൽകുന്ന ബാനറിലാണ് മുന്നറിയിപ്പുണ്ടാവുക. 18 വയസിൽ താഴെ പ്രായമുള്ള ഇന്റർനെറ്റ് ഉപഭോക്താക്കളിലേക്ക് വ്യക്തിയുടെ താൽപര്യങ്ങളുടേയും മറ്റും അടിസ്ഥാനത്തിൽ പരസ്യവിവരണം നടത്തുന്നത് അവസാനിപ്പിക്കാനുള്ള ഗൂഗിളിന്റെ ശ്രമം സ്വാഗതാർഹമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.