വിവാഹ മാല അണിയിച്ചതിന് പിന്നാലെ സ്നേഹചുംബനം നൽകി വരൻ; പോലീസിൽ പരാതി നൽകി വധു

ലക്‌നൗ : കതിർമണ്ഡപത്തിൽവച്ച് വരൻ ചുംബിച്ചതിനെ തുടർന്ന് കല്യാണം നിർത്തി പോലീസിനെ വിളിച്ച് വധു. പരസ്പരം വിവാഹ മാല അണിയിച്ചതിന് പിന്നാലെയാണ് വരൻ യുവതിയെ ചുംബിച്ചത് . എന്നാൽ ഇതിൽ ക്ഷുഭിതയായ വധു വേദിയിൽ നിന്ന് ഇറങ്ങി പോയി. പിന്നാലെ പോലീസിൽ പരാതി നൽകി.
കൂട്ടുകാരുമായി വച്ച പന്തയത്തിൽ വിജയിക്കാനാണ് യുവാവ് ചുംബിച്ചത്. അയാളുടെ സ്വഭാവത്തിൽ സംശയമുണ്ട്. വേദിയിൽ ഇരിക്കുമ്പോൾ തന്നെ യുവാവ് സ്പർശിക്കുന്നുണ്ടായിരുന്നു എന്നും യുവതി പറഞ്ഞു.

ഉത്തർ പ്രദേശിലെ സംഭാലിലാണ് സംഭവം. 300 ഓളം പേരാണ് വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയത്. അവർക്ക് മുന്നിൽ വച്ച് യുവാവ് ചുംബിച്ചു എന്നാണ് ഇരുപത്തിമൂന്നുകാരിയായ യുവതി പോലീസിൽ പരാതി നൽകിയത്. പോലീസ് മദ്ധ്യസ്ഥതയ്‌ക്ക് ശ്രമിച്ചെങ്കിലും വധു വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു. യുവാവിന്റെ പ്രവൃത്തിയിൽ താൻ ആശങ്കയിലാണ്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത്തരത്തിൽ പ്രവൃത്തിക്കുമെന്നും യുവതി പറഞ്ഞു.

ആളുകൾക്ക് മുന്നിൽ വച്ച് തന്നെ ആത്മാഭിമാനത്തിന് വില നൽകാതെ അയാൾ മോശമായി പെരുമാറി. അത്തരത്തിൽ ഒരാൾക്കൊരപ്പം എങ്ങനെ ജീവിക്കും? ഭാവിയിൽ ഇയാൾ എങ്ങനെ പ്രവർത്തിക്കും. അയാൾക്കൊപ്പം പോകുന്നില്ല എന്നാണ് നിലവിൽ എന്റെ തീരുമാനം എന്നും യുവതി പോലീസിനോട് വ്യകമാക്കുകയായിരുന്നു.