ആനക്കൊമ്പ് കേസിൽ മോഹൻലാലിനെ രക്ഷിച്ച് സർക്കാർ; വിമർശനവുമായി കോടതി

കൊച്ചി. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിനെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ ശ്രമം. കേസില്‍ മോഹന്‍ലാല്‍ നിയമലംഘനം നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേസമയം മോഹന്‍ലാലിനെ രക്ഷിക്കുവാന്‍ സര്‍ക്കാര്‍ കോടതിയില്‍ വാദിക്കുന്നത് ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് നടന്‍ കൈവശം വെച്ചതെന്നായിരുന്നു.

സര്‍ക്കാരിന്റെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സാധാരണക്കാരനാണ് ഇത്തരത്തില്‍ ആനക്കൊമ്പ് കൈവശം വെയ്്ക്കുന്നതെങ്കില്‍ ഇളവ് അനുവദിക്കുമോ എന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു. കേസില്‍ പ്രതിയായതിന് ശേഷമാണ് ഇത്തരത്തില്‍ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നല്‍കിയതെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു സാധാരണക്കാരനായിരുന്നു ഈ സ്ഥാനത്തെങ്കില്‍ എപ്പോഴെ ജയിലിനുള്ളിലായേനെ എന്നും കോടതി പറഞ്ഞു.

എന്നാല്‍ ചരിഞ്ഞ ആനയുടെ കൊമ്പ് കൈവശം വെച്ചതിനാല്‍ തന്നെ വൈല്‍ഡ് ലൈഫ് ആക്ടിന്റെ ലംഘനമായി കേസിനെ പരിഗണിക്കുവാനാകില്ലെന്നും മോഹന്‍ലാലിനായി അഭിഭാഷകന്‍ കോടതില്‍ പറഞ്ഞു. ആനക്കൊമ്പ് കേസ് പിന്‍വലിക്കുവാനുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് നടന്‍ ഹൈക്കോടതിയെ സമീപിച്ചത്.

2012ലാണ് തേവരയിലെ വസതിയില്‍ നിന്നും ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പ് പിടിച്ചത്. രണ്ട് ജോഡി ആനക്കൊമ്പുകള്‍ 2011 ഡിസംബറില്‍ പിടികൂടിയെങ്കിലും കേസ് എടുത്തത് ആറ് മാസം കഴിഞ്ഞാണ്. ആനക്കൊമ്പ് വനം വകുപ്പിന് കൈമാറുകയും മോഹന്‍ലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസ് എടുക്കുകയും ചെയ്തിരുന്നു.