സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന് പാലം പണിയാന്‍ പണമില്ല

തിരുവനന്തപുരം. സില്‍വര്‍ലൈന്‍ വേഗറെയില്‍ പദ്ധതി നടപ്പാക്കാന്‍ ഇറങ്ങിത്തിരിച്ച സംസ്ഥാന സര്‍ക്കാരിനു 2 റെയില്‍വേ മേല്‍പാലത്തിന് 18.5 കോടി രൂപ നല്‍കാന്‍ പണമില്ല. സില്‍വര്‍ലൈന്‍ നടത്തിപ്പുകാരായ കെ റെയില്‍ വഴി നടപ്പാക്കുന്ന ഈ പദ്ധതികള്‍ക്കായി പലതവണ ആവശ്യപ്പെട്ടിട്ടും പണം നല്‍കിയിട്ടില്ല.

ടെന്‍ഡര്‍ ഉറപ്പിക്കേണ്ട സമയപരിധി കഴിഞ്ഞതിനാല്‍, കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനിയോടു 4 മാസ സമയം കൂടി കെ റെയില്‍ നീട്ടിവാങ്ങി. ജനുവരിക്കകം ടെന്‍ഡര്‍ ഉറപ്പിച്ചു നല്‍കിയില്ലെങ്കില്‍ റീ ടെന്‍ഡര്‍ വേണ്ടിവരും. എസ്റ്റിമേറ്റും ഉയരും. സില്‍വര്‍ലൈന്‍ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്തതിനു കേന്ദ്ര സര്‍ക്കാരിനെയും സമരക്കാരെയും പഴിക്കുന്ന സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റാരെയും കുറ്റപ്പെടുത്താനില്ല.

താല്‍ക്കാലികമായി മരവിപ്പിച്ച സില്‍വര്‍ലൈനു വേണ്ടി ഇതുവരെ ചെലവായത് 34.52 കോടി രൂപയാണ്. രണ്ടു മേല്‍പാലങ്ങള്‍ക്കായി ഇതിന്റെ പകുതി ചോദിച്ചിട്ടും തരാനില്ലെന്നാണു സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര റെയില്‍വേയും കേരളവും ചേര്‍ന്നു കേരള റെയില്‍ ഡവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിച്ചതു സില്‍വര്‍ലൈന്‍ പദ്ധതി നടപ്പാക്കാന്‍ വേണ്ടി മാത്രമല്ല. സംസ്ഥാനത്തെ റെയില്‍ പദ്ധതികളുടെ നിര്‍മാണത്തിനു വേണ്ടിയാണ്.

റെയില്‍വേ മേല്‍പാലങ്ങളും ഇക്കൂട്ടത്തില്‍ വരും. അങ്ങനെയാണ് ആകെ 500 കോടി ചെലവുള്ള 25 മേല്‍പാലങ്ങളുടെ നിര്‍മാണം കെ റെയിലിനെ ഏല്‍പിച്ചത്. പദ്ധതിച്ചെലവിന്റെ പകുതി തുക വീതം സംസ്ഥാനവും കേന്ദ്രവും വഹിക്കണം. നിര്‍മാണം തുടങ്ങിവയ്ക്കാനുള്ള പണം മുടക്കേണ്ടതു സംസ്ഥാനമാണ്. നിര്‍മാണ പുരോഗതിക്കനുസരിച്ചു കേന്ദ്രം പണം നല്‍കും. ധന വകുപ്പിന്റെ അനുമതിയോടെ മരാമത്തു വകുപ്പാണു ഭരണാനുമതിയും ഫണ്ടും നല്‍കേണ്ടത്.

തൃശൂര്‍ പള്ളി ഗേറ്റ് മേല്‍പാലത്തിന് 22 കോടി, നിലമ്പൂര്‍ യാഡ് ഗേറ്റ് മേല്‍പാലത്തിന് 15 കോടി എന്നിവയുടെ ടെന്‍ഡര്‍ നടപടിയാണു മാര്‍ച്ചില്‍ പൂര്‍ത്തിയായത്. ഒരു നിര്‍മാണക്കമ്പനിക്കാണു രണ്ടു ടെന്‍ഡറും ലഭിച്ചത്. ടെന്‍ഡര്‍ തുറന്ന് കകരാറുകാരനെ കണ്ടെത്തിക്കഴിഞ്ഞാല്‍ 6 മാസത്തിനകം ടെന്‍ഡര്‍ ഉറപ്പിച്ചു നല്‍കണം.