ഗുരുവായൂർ ക്ഷേത്ര സ്വത്ത് മുൻസിപ്പാലിറ്റിക്ക് നൽകാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു, ദേവസ്വത്തിന് തിരിച്ചടി

തൃശൂർ. ഗുരുവായൂർ നഗരത്തിലുള്ള 9.62 സെന്റ് ഭൂമി നിയമപരമായ വ്യവസ്ഥകൾ ലംഘിച്ച് മുനിസിപ്പാലിറ്റിക്ക് വിട്ടുനൽകാനുള്ള ദേവസ്വത്തിന്റെ തീരമാനം കേരള ഹൈക്കോടതി തടഞ്ഞു. ക്ഷേത്ര സ്വത്ത് മുൻസിപ്പാലിറ്റിക്ക് വിട്ടുനൽകാൻ ദേവസ്വം മാനേജിംഗ് കമ്മിറ്റിയും മുൻസിപ്പാലിറ്റിയും തമ്മിൽ ധാരണയായിരുന്നു.അതിനാണ് ഇപ്പോൾ തിരിച്ചടിയായിരിക്കുന്നത്.

ക്ഷേത്ര സ്വത്ത് മുൻസിപ്പാലിറ്റിക്ക് വിട്ടുനൽകുന്നത് ചോദ്യം ചെയ്തുകൊണ്ട് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി ബാബു രംഗത്ത് വരികയായിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് സോഫി തോമസും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിന്റെ വാദം കേട്ടത്.

ഹർജിക്കാരന് വേണ്ടി അഭിഭാഷകൻ സജിത്ത് കുമാറാണ് ഹാജരായത്. ഭൂമി കൈമാറ്റത്തിൽ നിലവിലെ സ്ഥിതി നിലനിർത്താനും ഇടപാടുമായി ബന്ധപ്പെട്ട ഫയലുകൾ ഹാജരാക്കാനും ബോർഡിനോട് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. കേസിൽ അടുത്ത വാദം കേൾക്കുന്നതിനായി 2023 ഒക്ടോബർ 25-ന് മാറ്റി.