കോടഞ്ചേരിയില്‍ 20കാരി ജീവനൊടുക്കാന്‍ കാരണം സ്ത്രീധന പീഡനമെന്ന് പരാതി

കോഴിക്കോട്: കോടഞ്ചേരിയില്‍ 20കാരി ജീവനൊടുക്കിയത് സ്ത്രീധന പീഡനം മൂലമെന്ന് പരാതി. മുറമ്പാത്തി കിഴക്കതില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഹഫ്‌സത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു. സംഭവത്തില്‍ തിരുവാമ്പാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ മാസം 20നായിരുന്നു ഹഫ്‌സത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹഫ്‌സത്തിന്റെ ഭര്‍ത്താവ് ഷിഹാബുദ്ദി ന്‍ ഓട്ടോ ഡ്രൈവറാണ്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും മകളെ ശരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്ന് ഹഫ്‌സത്തിന്റെ മാതാപിതാക്കള്‍ ആരോപിക്കുന്നു. മകള്‍ തന്നെ ഇക്കാര്യം പലവട്ടം പറഞ്ഞിരുന്നുവെന്ന് പിതാവ് അബ്ദുള്‍ സലാമും മാതാവ് സുലൈഖയും പറഞ്ഞു.

ഹഫ്‌സത്തും ഷിഹാബുദ്ദീനും തമ്മിലുള്ള വിവാഹം 2020 നവംബര്‍ അഞ്ചിനായിരുന്നു നടന്നത്. വിവാഹത്തിന് പിന്നാലെ തന്നെ സ്ത്രീധനം കുറഞ്ഞുവെന്ന് പറഞ്ഞ് പ്രശ്‌നങ്ങള്‍ ആരംഭിച്ചു എന്ന് ഹഫ്‌സത്തിന്റെ കുടുംബം ആരോപിക്കുന്നു. സ്ത്രീധനത്തിന്റെ പേരില്‍ മകളെ പീഡിപ്പിച്ചുവെന്നും അമിതമായി ജോലി ചെയ്യിച്ചുവെന്നും മാതാവ് പറയുന്നു.