കോടതിക്കെതിരെ മോശം പരാമര്‍ശം; ഭാഗ്യലക്ഷ്മിക്കെതിരെ ഹര്‍ജി

കൊച്ചി: കോടതിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. കോടതിയലക്ഷ്യനടപടി സ്വീകരിക്കാന്‍ അനുമതി തേടി അഡ്വക്കേറ്റ് ജനറലിനാണ് അപേക്ഷ നല്‍കിയത്. ഹൈക്കോടതിയിലെ അഭിഭാഷകനായ എംആര്‍ ധനിലാണ് ഹര്‍ജി നല്‍കിയത്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ കഴിഞ്ഞ ദിവസം ഭാഗ്യലക്ഷ്മി രംഗത്തുവന്നിരുന്നു. വിധി എഴുതിവച്ച്‌ കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാടകമാണ്. ഉന്നതരോട് ഒരുനീതി, സാധാരണക്കാരനോട് ഒരുനീതി എന്നതാണ് സമീപനമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞിരുന്നു.

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍

‘അവര്‍ ആദ്യമേ വിധിയെഴുതിവച്ച്‌ കഴിഞ്ഞു. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമെയുള്ളു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് മുഴുവനും മറ്റുപലനാടകമാണ്. അവിടെ കൊണ്ടുപോയി പേപ്പര്‍ കൊടുക്കുമ്ബോള്‍ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്ന പരിഹാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടുപോലും നമ്മുടെ ജ്യൂഡീഷ്യറി ചോദിക്കുന്നില്ല.എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിന് ഒരുകാരണം ഉണ്ടാകും. ഉന്നതന്‍ കോടതിയില്‍ പോയി നില്‍ക്കുമ്ബോള്‍ കോടതി ചോദിക്കുന്നത് എന്താണ്. നിങ്ങള്‍ക്ക് ഇത് ചെയ്തൂകൂടെ എന്നാണ്. ഇത് സാധാരണക്കാരനോട് ചോദിച്ചാല്‍ കുറെക്കൂടി ബഹുമാനം ഉണ്ടാകും’ഭാഗ്യലക്ഷ്മി പറഞ്ഞു.