അസാധാരണമായ പരാതി; അനുപമയുടെ കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയെന്ന് മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ പ്രസവിച്ച ഉടന്‍ അമ്മയില്‍ നിന്നും കുഞ്ഞിനെ മാറ്റിയ സംഭവത്തില്‍ കേസന്വേഷണം നടക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. അനുപമയുടെ കുട്ടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. അമ്മയ്ക്ക് കുഞ്ഞിനെ നല്‍കുക എന്നതാണ് അഭികാമ്യമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കുടുംബത്തിനുള്ളില്‍ നടന്ന വിഷയമാണിത്. അമ്മയുടെ കണ്ണീരിനു നീതി ലഭിക്കണം. സര്‍ക്കാരിന് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് പരിശോധിക്കുമെന്നും വീണ ജോര്‍ജ് പറഞ്ഞു. അസാധാരണമായ ഒരു പരാതി ആണിത്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കും. കോടതിയില്‍ അനുപമയ്ക്ക് അനുകൂലമായ നിലപാട് ആയിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക. നീതി ഉറപ്പാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.