കെഎസ്ആര്‍ടിസിയില്‍ ദിവസക്കൂലിക്കാരായ ഡ്രൈവര്‍മാരെ നിയമിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കരുതെന്ന് ഹൈക്കോടതി. ദിവസക്കൂലി അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്ന് പറഞ്ഞ കോടതി ജൂലൈ ഒന്നിന് ശേഷം ഇത്തരത്തില്‍ നിയമിച്ചവരെ പിരിച്ചുവിടണമെന്നും കെഎസ്‌ആര്‍ടിസിയോട് ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്‌ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കെഎസ്‌ആര്‍ടിസിയോട് ഹൈക്കോടതി ഉത്തരവിട്ടു.

പിഎസ്സി റാങ്ക് പട്ടികയിലുളളവരുടെ പരാതിയെ തുടര്‍ന്ന് എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഇതനുസരിച്ച്‌ 2018 എംപാനല്‍ ഡ്രൈവര്‍മാരെയാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതുകാരണം കെഎസ്‌ആര്‍ടിസിയില്‍ ഉണ്ടായ അടിയന്തര പ്രതിസന്ധി പരിഹരിക്കാന്‍ പിരിച്ചുവിട്ട ഡ്രൈവര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസി നിയമിക്കുകയായിരുന്നു. ഇവരെ ഉടന്‍ പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.