ഒരു സ്ത്രീ 72 ദിവസം അകാരണമായി ജയിലില്‍ കിടന്നത് മറക്കരുതെന്ന് ഷീല സണ്ണി കേസില്‍ ഹൈക്കോടതി

കൊച്ചി. ജയിലില്‍ 72 സെക്കന്‍ഡ് പോലും കിടക്കുന്നത് നല്ലതല്ലെന്നിരിക്കെ ഒരു സ്ത്രീ 72 ദിവസം അകാരണമായി ജയിലില്‍ കിടന്നതെന്ന് മറക്കരുതെന്ന് ഹൈക്കോടതി. ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് പരിഗണിക്കുമ്പോഴാണ് സര്‍ക്കാരിനോടുള്ള ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

ഒരു സ്ത്രീ അകാരണമായി ജയിലില്‍ കിടക്കേണ്ടി വന്നു. ആരാണ് ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുക. ഞാനും നിങ്ങളും എല്ലാവരും അടങ്ങുന്ന നീതിന്യായ വ്യവസ്ഥയാണ് ഇവിടെ പരായപ്പെട്ടതെന്നും കോടതി നിരീക്ഷിച്ചു. അതേസമയം തന്നെ കേസില്‍ കുടുക്കിയതിനും അകാരണമായി ജയിലില്‍ അടച്ചതിനും എതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല സണ്ണിയാണ് ഹൈക്കോടതിയെ സമീപിച്ചത്.

കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥരാണ് മുഖ്യപ്രതികള്‍. അതേസമയം അന്വേഷണം നടക്കുകയാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.