ക്രിമിനല്‍ കേസില്‍ പ്രതിക്കായി ആള്‍മാറാട്ടം, സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ പരാതി

പത്തനംതിട്ട. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആള്‍ക്കുവേണ്ടി ആള്‍മാറാട്ടം നടത്തിയ സംഭവത്തില്‍ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചു. നെടുമ്പ്രം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തി വിവാഹാലോചനയ്ക്ക് ഇടനില നിന്നുവെന്നാണ് പരാതി.

സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി അംഗമായ പ്രകാശ് ബാബുവാണ് ലോക്കല്‍ സെക്രട്ടറിയായി ആള്‍മാറാട്ടം നടത്തി പെണ്‍കുട്ടിയുടെ കുടുംബം പിന്മാറിയ വിവാഹം നടത്താന്‍ ശ്രമിച്ചത്. പോക്‌സോ കേസുകളില്‍ അടക്കം പ്രതിയായ വൈക്കത്തില്ലം സ്വദേശിയായ യുവാവിന്റെ വിവാഹത്തിനാണ് നെടുമ്പ്രം ലോക്കല്‍ സെക്രട്ടറിയായ വിനയചന്ദ്രന്റെ പേരില്‍ പ്രകാശ് ബാബു ആള്‍മാറാട്ടം നടത്തിയത്.

അമ്പലപ്പുഴ സ്വദേശിനിയുമായി യുവാവിന്റെ വിവാഹം കഴിഞ്ഞ എട്ടിന് നടക്കേണ്ടതായിരുന്നു. എന്നാല്‍ ബന്ധുവിന്റെ ക്രിമിനല്‍ പശ്ചാത്തലം മനസ്സിലാക്കിയ പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്നും പിന്മാറി. തുടര്‍ന്ന് പ്രകാശ് ബാബു മൂന്ന് പേരെ കൂട്ടി പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തുകയായിരുന്നു. താന്‍ എല്‍സി സെക്രട്ടരി വിനയചന്ദ്രനാണെന്നും കൂടെയുള്ളവര്‍ ഏരിയ കമ്മിറ്റി അംഗങ്ങളാണെന്നും പരിചയപ്പെടുത്തി.

സംശയം തോന്നിയ കുടുംബം മറ്റൊരാള്‍ വഴി വിനയചന്ദ്രനെ ബന്ധപ്പെട്ടപ്പോഴാണ് ആള്‍മാറാട്ടം അറിഞ്ഞത്. തുടര്‍ന്ന് വിനയചന്ദ്രന്‍ ഏരിയ കമ്മിറ്റിക്ക് പരാതി നല്‍കി.