രാജ്യത്ത് കോവിഡ് മരണം 58 ആയി

കോവിഡ് 19 രോഗബാധയുമായി ബന്ധപ്പെട്ട് രാജ്യത്ത് മരിച്ചവരുടെ എണ്ണം 58 ആയി. ഇതില്‍ മരിച്ച 19 പേര്‍ നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. രാജ്യത്ത് ഇപ്പോള്‍ 1826 പേരാണ് ചികിത്സയിലുള്ളത്. 151 പേര്‍ക്ക് രോഗം ഭേദമായി.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 378 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഭേദമായവരടക്കം ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 2,032 പേര്‍ക്കാണ്. ഹരിയാനയില്‍ ആദ്യത്തെ കോവിഡ് മരണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. ഗുജറാത്തിലും ഇന്ന് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വഡോദര സ്വദേശിയായ 52 കാരനാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ നാലുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദീനില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയവരില്‍ 650 പേരുടെ സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

ഇന്ത്യയില്‍ മറ്റ് സംസ്ഥാനങ്ങളിലും കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ കൂടുകയാണ്. ബുധനാഴ്ച മാത്രം രാജ്യത്ത് 437 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഒരു ദിവസം കൊവിഡ് സ്ഥിരീകരിച്ചതും ബുധനാഴ്ച ആണ്.തമിഴ്നാട്ടില്‍ 234, രാജസ്ഥാനില്‍ 108, ഉത്തര്‍ പ്രദേശില്‍ 113, കര്‍ണാടകത്തില്‍ 110, കേരളത്തില്‍ 265, ഡല്‍ഹിയില്‍ 152 എന്നിങ്ങനെയാണ് വൈറസ് പിടിപ്പെട്ടവരുടെ എണ്ണം.
ലോകമെങ്ങുമുള്ള കൊറോണ രോഗികളുടെ എണ്ണം ഒമ്ബത് ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 47,000 പിന്നിട്ടു. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം നാലായിരത്തിലേറെയായി. രണ്ട്‌ ലക്ഷത്തിലധികം പേര്‍ക്കാണ് അമേരിക്കയില്‍ രോഗം പിടിപെട്ടത്. ഫ്രാന്‍‌സില്‍ മരണസംഖ്യ 4,032 ആയി. ഇറാനില്‍ മൂവായിരത്തിലധികം പേര്‍ മരിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ യുകെയില്‍ 563 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 2,352 ആയി. യുകെയില്‍ മുപ്പത്തിനായിരത്തിനടുത്തു ആളുകള്‍ക്ക് രോഗമുണ്ട്. സ്പെയിനില്‍ രോഗം പിടിപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,04,118 പേര്‍ക്കാണ് സ്പെയിനില്‍ രോഗം സ്ഥിരീകരിച്ചത്. അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 4,757 ആയി. 2,13,372 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം കണ്ടെത്തിയത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗമുള്ളതും അമേരിക്കയിലാണ്.