പോക്സോ നിയമം കുട്ടികളുടെ സംരക്ഷണം മാത്രം ലക്ഷ്യം വെച്ചാണ്. ആ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്- ജോമോൾ ജോസഫ്

തിരുവനന്തപുരം കടക്കാവൂരിൽ മകനെ അമ്മ പീഡിപ്പിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇതേതുടർന്ന് പോലീസ് കേസെടുത്ത് ആ അമ്മയെ റിമാന്റ് ചെയ്തു. സംഭവത്തിൽ അച്ഛൻ മകനെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് ഇങ്ങനെയൊരു കള്ളക്കേസുണ്ടാക്കിയതെന്ന് പറഞ്ഞ് അതേ അമ്മയുടെ തന്നെ മറ്റൊരു മകൻ പൊതുസമൂഹത്തിന് മുന്നിൽ വന്നതോടെ ആ കേസ് വലിയൊരു ചർച്ചക്ക് വഴിയൊരുങ്ങി. എന്നാൽ സംസ്ഥാനത്ത് ഇത്തരത്തിൽ അനവധി കള്ളക്കേസുകൾ ഉണ്ടെന്ന് പറയുകയാണ് ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ജോമോൾ ജോസഫ്. മിക്ക ദിവസവും നമ്മുടെ സംസ്ഥാനത്ത് ഒരു കള്ള പോക്സോ കേസെങ്കിലും രജിസ്റ്ററാകുന്നുണ്ട്. ആതിലൊക്കെ ക്രൂരതക്ക് ഇരയായോ വ്യക്തി വൈരാഗ്യത്തിനോ സ്വത്ത് തർക്കത്തിനോ വാശി തീർക്കാനായോ തെറ്റായി പ്രതിചേർക്കപ്പെടുന്ന മനുഷ്യരുമുണ്ട്. ഈ അവസ്ഥ ഇല്ലാതാകണം. പോക്സോ നിയമം കുട്ടികളുടെ സംരക്ഷണം മാത്രം ലക്ഷ്യം വെച്ചാണ്. ആ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഈ ദുരുപയോഗത്തിൽ അറിഞ്ഞുകൊണ്ടുതന്നെ പോലീസും ഭാഗമാകുന്നുണ്ട്. നിരവധി കുട്ടികളെയും കള്ള കേസുകൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്ന് ജോമോൾ പറയുന്നു

കടക്കാവൂർ പീഠനം – അമ്മ പ്രായപൂർത്തിയാകാത്ത മകനെ പീഠിപ്പിച്ച പോക്സോ കേസ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കടക്കാവൂരിൽ പ്രായപൂർത്തിയാകാത്ത മകനെ അമ്മ പീഠിപ്പിച്ചതായി വാർത്തകൾ വരുന്നതും, സംഭവത്തിൽ പോലീസ് കേസെടുത്ത് ആ അമ്മയെ റിമാന്റ് ചെയ്യുന്നതും. എന്നാൽ അതേ സംഭവത്തിൽ അച്ഛൻ മകനെ ഭീഷണിപ്പെടുത്തിയും സ്വാധീനിച്ചുമാണ് ഇങ്ങനെയൊരു കള്ളക്കേസുണ്ടാക്കിയതെന്ന് പറഞ്ഞ് അതേ അമ്മയുടെ തന്നെ മറ്റൊരു മകൻ പൊതുസമൂഹത്തിന് മുന്നിൽ വന്നതോടെ ആ കേസ് വലിയൊരു ചർച്ചക്ക് വഴിവെക്കുകയും, ഈ സംഭവം ഐജി തന്നെ നേരിട്ടന്വേഷിക്കാൻ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്. എനിക്ക് പറയാനുള്ളത് സമാനമായ കേസുകളെ കുറിച്ചാണ്. കള്ള പോക്സോ കേസുകൾ സംബന്ധിച്ച്..

1. വിനുവിന് ഒരു ഒരു പെൺസുഹൃത്തുണ്ടായിരുന്നു. അവൾ ഞങ്ങളുടെ കോമൺ ഫ്രണ്ടുമായിരുന്നു. അവൾ ഞങ്ങളുടെ വീട്ടിൽ വരികയും ഞങ്ങൾ അവളുടെ വീട്ടിൽ പോകുകയും ചെയ്തിരുന്നു. ഞങ്ങൾ തമ്മിൽ പരിചയപ്പെട്ട സമയത്ത് അവളും അവളുടെ മകളും, അവളുടെ സഹോദരിയും, സഹോദരിയുടെ മകളും ഒരുമിച്ച് അവൾ വാടകക്കെടുത്ത വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കുറച്ചുകാലം കഴിഞ്ഞപ്പോൾ അവളും സഹോദരിയുമായി പിണങ്ങുകയും, അവളെ അവൾ വാടകക്കെടുത്ത വീട്ടിൽ നിന്നും സഹോദരി ഇറക്കിവിടുകയും ചെയ്തു. അന്ന് അവൾ വീടിന് കൊടുത്ത അഡ്വാൻസ് തുക സഹോദരിയിൽ നിന്നും തിരികെ വാങ്ങി നൽകാനും ഒക്കെയായി ഇടപെടൽ നടത്തിയത് വിനുവാണ്. അതോടെ അവളുടെ സഹോദരി വിനുവിനെ ശത്രുവായി കാണാൻ തുടങ്ങി.

ഫ്ലാഷ് ബാക് :
വിനു ഒന്നുരണ്ടുതവണ സഹോദരിയും അവളും ഒരുമിച്ച് താമസിച്ച സമയത്ത് ആ വീട്ടിൽ പോയിട്ടുണ്ട്. വിനുവിന്റെ ആദ്യവിവാഹത്തിലെ മകളുടെ പ്രായമാണ് അവളുടെ സഹോദരിയുടെ മകൾക്ക്. അതുകൊണ്ട് ആ കൊച്ചിനോട് പ്രത്യേക സ്നേഹം വിനുവിനുണ്ടായിരുന്നു. ഒരു തവണ വീട്ടിൽ ചെന്നപ്പോൾ എല്ലാവരുടേയും മുന്നിൽ വെച്ച് ആ കൊച്ചിനെ വിനു വിളിച്ച് മടിയിലിരുത്തുകയും, വിശേഷങ്ങൾ ചോദിക്കുകയും ചെയ്തിരുന്നു.
ട്വിസ്റ്റ് :

അവളുടെ സഹോദരി വിനുവിനെ ശത്രുവായി കാണാനായി തുടങ്ങി, കുറച്ചുകാലം കഴിഞ്ഞപ്പോൾ ഒരു വക്കീൽ നോട്ടീസ് വിനുവിന് വരുന്നു. അയച്ചത് അവളുടെ സഹോദരി. ആ നോട്ടീസിലെ ആവശ്യം വായിച്ചപ്പോഴാണ് കണ്ണുതള്ളിയത്. “വിനു അവളുടെ മകളെ മടിയിലിരുത്തി പീഠിപ്പിക്കാനായി ശ്രമിച്ചു, ആയതിൽ പോക്സോ വകുപ്പു പ്രകാരം കേസുകൊടുക്കാതിരിക്കാനായി വല്ല കാരണവുമുണ്ടേൽ അത് പതിനഞ്ച് ദിവസത്തിനുള്ളിൽ ബോധിപ്പിക്കണം”. പോക്സോ കേസിനടിസ്ഥാനമായ സംഭവം നടന്നിട്ടുണ്ട് എന്നുപറഞ്ഞ് പെൺകുട്ടിയുടെ അമ്മ പ്രതിസ്ഥാനത്തെന്നാരോപിച്ച ആൾക്ക് വക്കീൽനോട്ടീസയച്ച ലോകത്തിലെ തന്നെ ആദ്യ സംഭവമാകാം ഇത്!! ആ വക്കീൽ നോട്ടീസിന് മറുപടി വിനു വിശദമായി എഴുതി തയ്യാറാക്കി വിനുവിന്റെ ഫേസ്ബുക് അക്കൌണ്ടുവഴി പോസ്റ്റ് ചെയ്തതോടെ ആ സംഭവം അവിടെ അവസാനിച്ചു.

2. കോഴിക്കോട്ടുകാരൻ അൻഷാദ്
വിനു ഒരു കേസുമായി ബന്ധപ്പെട്ട് റിമാന്റിൽ പോയപ്പോഴാണ് അൻഷാദിനെ പരിചയപ്പെടുന്നത്. ജയിലിൽ അന്തർമുഖനായി കഴിയുന്ന, മിക്കസമയവും കണ്ണിൽ നിന്നും കണ്ണീരൊഴുകുന്ന ഒരു പാവം പയ്യൻ. അവൻ മൂന്നരവയസ്സുള്ള പെൺകുട്ടിയെ പീഠിപ്പിച്ച കേസിൽ പ്രതിയായി റിമാന്റിൽ കഴിയുകയാണ്. ആ പെൺകുട്ടി അവന്റെ സ്വന്തം ചേട്ടന്റെ മകളും. വിനു അവനോട് കാര്യങ്ങൾ വിശദമായി ചോദിച്ച് മനസ്സിലാക്കി. അവന്റെ കല്യാണം ഉറപ്പിച്ചു, അതോടനുബന്ധിച്ച് കുടുംബസ്വത്ത് ഭാഗം വെക്കൽ ചർച്ച വരുന്നു. വീട് അനഷാദിന് നൽകാമെന്ന് കുടുംബത്ത് ധാരണയാകുന്നു. ഇതിഷ്ടപ്പെടാതിരുന്ന സ്വന്തം സഹോദരന്റെ ഭാര്യ, സഹോദരൻ പോലും അറിയാതെ അവരുടെ മൂന്നരവയസ്സുള്ള മകളെ ഉപയോഗിച്ച് കള്ളക്കേസ് കൊടുക്കുകയായിരുന്നു. അൻഷാദിന്റെ നെഞ്ചത്ത് കിടന്നുറങ്ങിയിരുന്ന, കടയിലെ ജോലികഴിഞ്ഞാൽ അൻഷാദ് ചോക്ലെറ്റുകളുമായി വീട്ടിലേക്കോടി വന്ന് കൊഞ്ചിച്ചിരുന്ന കൊച്ചിനെ ഉപയോഗിച്ച് കൊടുത്ത കള്ളക്കേസിൽ അൻഷാദ് മാനസീകമായി തകർന്നു. അറേഞ്ച്ഡ് മാര്യേജായി പറഞ്ഞുറപ്പിച്ച വിവാഹത്തിലെ പെൺകുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും സംഭവത്തിന്റെ നിജസ്ഥിതി മനസ്സിലാക്കി അൻഷാദിന് പൂർണ്ണ പിന്തുണ കൊടുത്തു. അവർ സ്ഥിരമായി ജയിലിൽ വന്നുകണ്ടു. എഴുപതോളം ദിവസത്തെ റിമാന്റ് കാലാവധിക്ക് ശേഷം അൻഷാദിന് ജാമ്യം ലഭിച്ചു. ജാമ്യമിറങ്ങിയ അൻഷാദിന്റെ വിവാഹം ഭംഗിയായി നടന്നു. പക്ഷെ ഇന്നും പോക്സോ കേസ് തീർന്നിട്ടില്ലാത്തതുകൊണ്ട് ഇടക്കിടെ അൻഷാദിന് കോടതിയിൽ പോകണം.

3. പാലക്കാടുള്ള ഷാജിയേട്ടൻ
ഷാജിയേട്ടൻ സൌദിയിൽ ബിസിനസ്സ് ചെയ്യുന്നു, നല്ല നിലയിലാണ് അദ്ദേഹം. വാപ്പയുടെ സഹോദരന്റെ മകൻ ഗതിപിടിക്കാതെ നടക്കുകയാണ് എന്ന് ബന്ധുക്കൾ പറഞ്ഞതുപ്രകാരം ഷാജിയേട്ടൻ അയാളെ സൌദിലേക്ക് കൊണ്ടുപോയി അവിടെ ഷാജിയേട്ടൻ കാശ് മുടക്കി ഒരു പെയിന്റ് കമ്പനി ഇട്ടുകൊടുക്കുന്നു വാപ്പയുടെ സഹോദരന്റെ മകന്. അയാളെ തന്നെ കമ്പനി നോക്കി നടത്താനേൽപ്പിക്കുന്നു. കമ്പനിയിലെ വിറ്റുവരവായി വരുന്ന പണം വലിപ്പിച്ച അയാൾ ധൂർത്തടിച്ച് ജീവിക്കുന്നു. അധിക കാലം കഴിയുന്നതിന് മുമ്പ് തന്നെ കമ്പനിയുടെ കാര്യം തീരുമാനമാകുന്നു. കണക്കുകൾ പരിശോധിച്ച ഷാജിയേട്ടന് കാര്യം ബോധ്യപ്പെടുന്നു. അവിടെ മദ്ധ്യസ്ഥൻമാർ മുഖാന്തിരം ഷാജിയേട്ടൻ പറ്റിക്കപ്പെട്ട നഷ്ടം തിട്ടപ്പെടുത്തുന്നു. മദ്ധ്യസ്ഥൻമാർ മുഖാന്തിരം തന്നെ ആ തുകയുടെ പകുതിയോളം തുകക്ക് സമാനമായ നാട്ടിലെ അയാളുടെ പേരിലുള്ള വസ്തു ഷാജിയേട്ടന്റെ പേരിലേക്ക് എഴുതി നൽകുന്നു. ബാക്കി നഷ്ടം ഷാജിയേട്ടൻ സഹിക്കുന്നു.

ഫ്ലാഷ് ബാക് :
ഷാജിയേട്ടൻ നാട്ടിൽ വരുമ്പോൾ സുഹൃത്തുകളുമായി ഒത്തുകൂടാൻ പാലക്കാട് ടൌണിലൊരു ഫ്ലാറ്റെടുത്തിട്ടുണ്ട്. ഷാജിയേട്ടന്റെ ഒരു സുഹൃത്തും മകനുമാണ് അവിടെ താമസം. അയാൾ ഭാര്യയുമായി പിണങ്ങി ജീവിക്കുകയാണ്. അയാളുടെ മകൾ ഭാര്യയോടൊപ്പവും. മകൾ ഇടക്ക് വാപ്പയോടും സഹോദരനോടുമൊപ്പം ആ ഫ്ലാറ്റിൽ വന്നു താമസിച്ചു പോകും. ഷാജിയേട്ടൻ നാട്ടിൽ വന്ന സമയത്തും ഒരുതവണ വാപ്പയെയും സഹോദരനെയും കാണാനായി ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന ഈ മകൾ ഫ്ലാറ്റിൽ വന്ന് താമസിച്ച് പോയിരുന്നു.

ട്വിസ്റ്റ് : ബിസിനസ് പ്രശ്നം ഷാജിയേട്ടന് നഷ്ടം കൊടുത്ത് തീർത്തതിൽ ഷാജിയേട്ടന്റെ വാപ്പയുടെ സഹോദരന്റെ മകന് നല്ല കലിപ്പുണ്ട്. ഫ്ലാഷ് ബാകിൽ പറഞ്ഞ പെൺകുട്ടി പഠിക്കുന്ന സ്കൂളിലെ പിടിഎ പ്രസിഡന്റായ പാലക്കാട്ടുകാരിയായ കുപ്രസിദ്ധയായ സ്ത്രീയുമായി ഇയാൾ ധാരണയിലെത്തിയതുപ്രകാരം, ഈ പെൺകുട്ടിയെ കൊണ്ട് സ്കൂൾ കൌൺസിലറായ ടീച്ചറെ സ്വാധീനിച്ച് നാലോളം വെള്ള പേപ്പറിൽ ടീച്ചർ ഒപ്പിട്ട് വാങ്ങുന്നു. ഈ വെള്ള പേപ്പറിൽ പെൺകുട്ടിയുടെ പേരിൽ പെൺകുട്ടിയറിയാതെ പരാതി തയ്യാറാക്കിയ ടീച്ചർ പെൺകുട്ടിയെ ബിയർ കൊടുത്ത് മയക്കി കിടത്തി ഷാജിയേട്ടൻ പീഠിപ്പിച്ചതായി ചൈൽഡ് ലൈനിന് പരാതി കൊടുക്കുന്നു. പെൺകുട്ടിയെ മജിസ്ട്രേട്ടിന് രഹസ്യമൊഴി കൊടുക്കാനായി പോലീസ് കൊണ്ടുപോകുമ്പോഴാണ് ഇങ്ങനെയൊരു സംഭവത്തിന്റെ കാര്യം ആ പെൺകുട്ടിയറിയുന്നത്. രഹസ്യമൊഴിയിൽ ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല എന്നത് പെൺകുട്ടി മജിസ്ട്രേട്ടിനോട് പറയുന്നു. ഈ മൊഴിയിൽ തൃപ്തിവരാത്ത പോലീസ് രണ്ടാമതും രഹസ്യമൊഴിയെടുപ്പിക്കുന്നു. അതിലും പെൺകുട്ടി സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. പെൺകുട്ടിയും വീട്ടുകാരും ആ വിഷയം കഴിഞ്ഞെന്ന് കരുതുന്നു. പക്ഷെ വിഷയം കഴിയുകയല്ല, ഷാജിയേട്ടന്റെ പേരിൽ കിടുക്കനൊരു പോക്സോ കേസ് അവിടെ ആരംഭിക്കുകയായിരുന്നു. അഞ്ചുവർഷം മുമ്പ് തുടങ്ങിയ കേസിപ്പോൾ വിചാരണ നടക്കുന്നു. വിചാരയിലും പെൺകുട്ടി ഇത് കള്ളക്കേസെന്ന് കോടതിയിൽ ആവർ‌ത്തിക്കുന്നു.
ഷാജിയേട്ടൻ ഹൈക്കോടതിയെ സമീപിച്ച് കോടതി വിധിപ്രകാരം കേസ് അന്വേഷണം അവസാനിപ്പിക്കാനായി പോലീസിന് മുന്നിൽ ഹാജരാകുന്നു.

കോടതിയുടെ നിർദ്ദേശപ്രകാരം പോലീസിന് മുന്നിൽ ഹാജരായ ഷാജിയേട്ടനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം, കോടതിയിൽ കൊണ്ടുവരുന്നത് വീഡിയോ സഹിതം ഷൂട്ട് ചെയ്ത് “പോസ്കോ കേസിലെ പ്രതിയെ പോലീസ് പിടിച്ചതായ വാർത്ത” ചാനലുകളായ ചാനലുകളിൽ മുഴുവനും വരുന്നു. ഷാജിയേട്ടന് സമൂഹത്തിന് മുന്നിൽ നല്ലൊരു ഇമേജും പോലീസ് ഉണ്ടാക്കി കൊടുത്തു. ഈ കേസിൽ നിയമപരമായി ഇടപെട്ട വിനുവിനെയു പ്രതിയാക്കി മാറ്റാനും പാലക്കാട് ടൌൺ പോലീസ് സ്റ്റേഷനിലെ സിഐ കിണഞ്ഞ് ശ്രമിച്ചു. ഷാജിയേട്ടന്റെ വയസ്സായ വാപ്പയെയും ഉമ്മയെയും പോലീസ് പീഠിപ്പിച്ചതിന് കണക്കില്ല. അവസാനം ഹൈക്കാടതിയുടെ ഇടപെടലിനെ തുടർന്നാണ് പോലീസിന്റെ ഗുണ്ടായിസം അവസാനിച്ചത് ഇത് ആകെ മൂന്നുസംഭവങ്ങളല്ല, ഇനിയും നേരിട്ടറിയാവുന്ന നിരവധി സംഭവങ്ങളുണ്ട്. മിക്ക ദിവസവും നമ്മുടെ സംസ്ഥാനത്ത് ഒരു കള്ള പോക്സോ കേസെങ്കിലും രജിസ്റ്ററാകുന്നുണ്ട്. ആതിലൊക്കെ ക്രൂരതക്ക് ഇരയായോ വ്യക്തി വൈരാഗ്യത്തിനോ സ്വത്ത് തർക്കത്തിനോ വാശി തീർക്കാനായോ തെറ്റായി പ്രതിചേർക്കപ്പെടുന്ന മനുഷ്യരുമുണ്ട്. ഈ അവസ്ഥ ഇല്ലാതാകണം. പോക്സോ നിയമം കുട്ടികളുടെ സംരക്ഷണം മാത്രം ലക്ഷ്യം വെച്ചാണ്. ആ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. ഈ ദുരുപയോഗത്തിൽ അറിഞ്ഞുകൊണ്ടുതന്നെ പോലീസും ഭാഗമാകുന്നുണ്ട്. നിരവധി കുട്ടികളെയും കള്ള കേസുകൾക്കായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്.

Note : 2019 ഡിസംബർ 12 വ്യാഴാഴ്ച പബ്ലിഷ് ചെയ്ത മാതൃഭൂമി പത്രത്തിലെ ഫ്രണ്ട് പേജ് വാർത്തയും ഇതോടാപ്പം ചേർക്കുന്നു. അന്നത്തെ ദിവസത്തെ എല്ലാ പത്രങ്ങളിലേയും മുൻപേജ് വാർത്ത ഇതായിരുന്നു. ഈ വാർത്ത വന്നിട്ട് ഒരു വർഷം കഴിഞ്ഞു. ഇന്ന് വ്യാജ പോക്സോ കേസുകളുടെ എണ്ണം കൂടിയിട്ടേയുണ്ടാകൂ, കുറഞ്ഞുകാണാൻ സാധ്യതയില്ല.