ബിജെപിക്കെതിരെ വ്യാജ വാര്‍ത്ത; മാതൃഭൂമിക്കെതിരെ നിയമനടപടിയുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കൊടകര സംഭവത്തിൽ ബിജെപിയെ അപകീർത്തിപ്പെടുത്തി വാർത്ത നൽകിയ മാതൃഭൂമി പത്രത്തിനും ഓൺലൈനുമെതിരെ നിയമനടപടി സ്വീകരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. മാദ്ധ്യമ സ്ഥാപനത്തിന് വക്കീൽ നോട്ടീസ് അയച്ചു. മെയ് 30 ന് മാതൃഭൂമി പ്രസിദ്ധീകരിച്ച വാർത്തയ്‌ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.

കൊടകര കുഴല്‍പണ കവര്‍ച്ചക്കേസുമായി ബന്ധപ്പെട്ട് കേരള ബിജെപിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമച്ച മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി തുടങ്ങിയെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വ്യാജപ്രചരണത്തിന് തുടക്കമിട്ട മാതൃഭൂമി ന്യൂസിനെതിരെയാണ് ആദ്യഘടത്തില്‍ നിയമനടപടി ആരംഭിച്ചത്. കൊടകര സംഭവവുമായി ബന്ധപ്പെട്ട് നിരവധി കള്ളവാര്‍ത്തകളാണ് ഉത്തരവാദപ്പെട്ട പല പത്രദൃശ്യമാധ്യമങ്ങളും ഈ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

വസ്തുതയുമായി ഒരു ബന്ധവുമില്ലാത്ത ഇത്തരം വാര്‍ത്തകളെ അവഗണിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിച്ചത്. അങ്ങനെ അവഗണിക്കുന്നത് ഒരു അവസരമായി കരുതി പലരും സകലസീമകളും ലംഘിക്കുകയാണ്. അതങ്ങനെ വെറുതെ വിടാന്‍ കഴിയുന്ന ഒന്നല്ല. അത്തരത്തില്‍ ബി. ജെ. പിയെ അപകീര്‍ത്തിപ്പെടുത്തിയ വാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയാണെന്നും അദേഹം പറഞ്ഞു.

സമൂഹ്യമാധ്യമങ്ങളിലും ചിലയാളുകളുടെ വ്യാജപ്രചാരണങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ 30ന് മാതൃഭൂമി നല്‍കിയ ‘കേന്ദ്രം നല്‍കിയ ഫണ്ട് എവിടെ? കേരളാ ബിജെപിയില്‍ വിവാദം മുറുകുന്നു’ എന്ന വാര്‍ത്തക്കെതിരെയാണ് നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്. വക്കീല്‍നോട്ടീയച്ച്‌ പിന്നീട് നിയമനടപടികള്‍ സ്വീകരിക്കാത്ത പൊതുപ്രവര്‍ത്തകരുണ്ട്. അത്തരത്തിലുള്ള ആളുകളുടെ ഗണത്തില്‍ താന്‍ വരില്ലെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.