അന്ന് എന്റെ കെട്ടിടം തകര്‍ത്തു, ഇന്നിപ്പോള്‍ സര്‍ക്കാര്‍ തകരുന്നു; വിമര്‍ശനവുമായി കങ്കണ

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് താരം കങ്കണ റണാവത്ത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഴിമതി നേരത്തെ അറിയിച്ചിരുന്നുവെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും താരം പറഞ്ഞു. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖിനെതിരെയുള്ള നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുന്നതിന് പിന്നാലെയാണ് താരത്തിന്റെ ട്വീറ്റ്.

ബാറുകളില്‍ നിന്നും 100 കോടി രൂപ പിരിച്ചുനല്‍കാന്‍ ദേശ്മുഖ് ആവശ്യപ്പെട്ടിരുന്നു എന്ന് വെളിപ്പെടുത്തുന്ന കത്ത് വിവാദമായതിനെത്തുടര്‍ന്നാണ് പരിഹാസവുമായി താരം രംഗത്തെത്തിയത്. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഴിമതിയും ദുര്‍ഭരണവും താന്‍ വിളിച്ചു പറഞ്ഞപ്പോള്‍ എല്ലാവരും തന്നെ വിമര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. അനധികൃതമായി പ്രവര്‍ത്തിപ്പിച്ചുവെന്നാരോപിച്ച് തന്റെ വീട് തകര്‍ത്തപ്പോള്‍ പലരും അതിനെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ സത്യം പുറത്തുവന്നിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങളില്‍ എല്ലാം വെളിച്ചത്തില്‍ വരുമെന്നും താരം പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബറിലാണ് ബാന്ദ്രയിലുള്ള കങ്കണയുടെ കെട്ടിടം സര്‍ക്കാര്‍ തകര്‍ത്തത്. അനധികൃതമായി പണിതു എന്നാരോപിച്ചാണ് കെട്ടിടത്തിന്റെ ഒരു ഭാഗം ബ്രിഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പൊളിച്ചുകളഞ്ഞത്.