കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്, 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

തൃശൂർ∙ കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ പങ്കാളികളായവരുടെ 57.75 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ 117 വസ്തുവകകള്‍ ഇതില്‍ ഉള്‍പ്പെടും. ഭൂമിയും കെട്ടിടങ്ങളും അടക്കം 117 സ്ഥാവര സ്വത്തുക്കൾ, 11 വാഹനങ്ങൾ ഉൾപ്പെടെയുള്ള ജംഗമ വസ്തുക്കൾ, സ്ഥിരനിക്ഷേപങ്ങൾ, 92 ബാങ്ക് അക്കൗണ്ടുകളിലെ പണം എന്നിവ ഉൾപ്പെടെയാണ് കണ്ടുകെട്ടിയത്. ഇതോടെ ഈ കേസിൽ ഇതുവരെ 87.75 കോടി രൂപ കണ്ടുകെട്ടി.

കേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭാ സ്ഥിരസമിതി അധ്യക്ഷനുമായ പി.ആർ.അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിലുള്ള 63 ലക്ഷം രൂപയുടെ നിക്ഷേപത്തിനു പുറമേ മറ്റു കുടുംബാംഗങ്ങളുടെ പേരിലും വെളിപ്പെടുത്താത്ത ബാങ്ക് അക്കൗണ്ടുകളുണ്ടോയെന്നു പരിശോധിക്കുന്നതായി ഇ.ഡി കോടതിയിൽ ബോധിപ്പിച്ചിരുന്നു.

പി.ആർ.അരവിന്ദാക്ഷൻ, സി.കെ.ജിൽസ് എന്നിവരെ വീണ്ടും കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇ.ഡി.ഇക്കാര്യം ബോധിപ്പിച്ചത്. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ അരവിന്ദാക്ഷന്റെ മാതാവിന്റെ പേരിൽ 63 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നു ബാങ്കിലെ സെക്രട്ടറി തന്നെയാണു ചോദ്യം ചെയ്യലിൽ ഇ.ഡിയോടു സമ്മതിച്ചത്. അരവിന്ദാക്ഷനും പിന്നീട് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.