കാസർകോട്ടെ വോട്ടിങ് യന്ത്രം ആരോപണം, തെറ്റെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍

കാസർകോട് : കാസർകോട് ലോക്‌സഭാ മണ്ഡലത്തിൽ നടന്ന മോക് പോളിൽ ബിജെപിക്ക് അധികവോട്ട് ലഭിച്ചുവെന്ന ആരോപണം തെറ്റാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുപ്രീംകോടതിയില്‍. കലക്ടറും റിട്ടേണിങ് ഓഫിസറും റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നും വിശദമായ റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് നല്‍കാമെന്നും കമ്മിഷന്‍ വ്യക്തമാക്കി.

വോട്ടിങ് മെഷീന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഒന്നും ഒളിക്കാനില്ലെന്നും കമ്മിഷന്‍റെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബിജെപി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്ന പരാതിയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു സുപ്രീം കോടതി.

മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകിയിരുന്നു. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമ‌ായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി.