സംസ്ഥാനത്ത് കോവിഡ് കേസുകൾ പൂജ്യം: മൂന്ന് വർഷത്തിന് ശേഷം ആദ്യം

കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം പൂജ്യം തൊട്ടു. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്. ഇതിനുമുൻപ് 2020 മെയ് ഏഴിന് പ്രതിദിന കോവിഡ് കേസ് പൂജ്യം തൊട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം വെബ്സൈറ്റിൽ പങ്കുവച്ചിരിക്കുന്ന വിവരമനുസരിച്ച് ഈ മാസം അഞ്ചാം തിയതിയിലെ കണക്കുകൾ പുറത്തുവന്നപ്പോഴാണ് കോവിഡ് കേസുകൾ പൂജ്യത്തിലെത്തിയത്.

ഈ മാസം ഒന്നാം തിയതി 12 പേർക്കും രണ്ടാം തിയതി മൂന്ന് പേർക്കും മൂന്നാം തിയതി ഏഴ് പേർക്കും നാലാം തിയതി ഒരാൾക്കുമായിരുന്നു കോവിഡ് സ്ഥികരീകരിച്ചത്. നിലവിൽ സംസ്ഥാനത്ത് 1033 ആക്റ്റീവ് കോവിഡ് രോഗികളാണുള്ളത്.

കൊവിൻ ആപ്പിലെ വിവരങ്ങൾ ചോർന്ന സംഭവത്തിലെ പ്രധാന പ്രതിയായ 22 കാരനായ ബിടെക് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബീഹാറിൽ നിന്ന് അറസ്റ്റിലായ സഹോദരങ്ങളുടെ ചോദ്യം ചെയ്യൽ തുടരുമെന്ന് പൊലീസ് അറിയിച്ചു. ഇവർ ഡേറ്റ ആർക്കും വിൽപന നടത്തിയിട്ടല്ലെന്നും പൊലീസ് വ്യക്തമാക്കി. കൊവിൻ ആപ്പിലെ വിവര ചോർച്ചയിൽ കേന്ദ്ര ഐടി മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കമ്പ്യൂട്ടർ എമർജൻസി റസ്പോൺസ് ടീമിനായിരുന്നു അന്വേഷണ ചുമതല.

വിവര ചോർച്ച അതീവ ഗുരുതരമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോയത്. വിവര ചോർച്ചയിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷത്ത് നിന്നടക്കം ആവശ്യം ശക്തമായിരുന്നു. കൊവിഡ് വാക്സീനേഷന്‍ സമയത്ത് നല്‍കിയ വ്യക്തി വിവരങ്ങള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നത് ദേശ സുരക്ഷയെ പോലും ബാധിക്കുന്ന വിഷയമാണെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.