ഈഴവൻ എന്നൊക്കെ പേരിടുമോ? മുകേഷിന്റെ ചോദ്യത്തിന് കിടിലൻ മറുപടി നൽകി മത്സരാർത്ഥി

മുകേഷ്, നവ്യ നായർ, റിമി ടോമി എന്നിവർ ജഡ്ജസായെത്തുന്ന മഴവിൽ മനോരമയിലെ കിടിലം എന്ന റിയാലിറ്റി ഷോയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു.

കഴിഞ്ഞ ദിവസം മത്സരിക്കാനെത്തിയ ഒരാൾ തന്റെ പേര് പറയുന്നതോടെയാണ് ജാതിയെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. ‘എന്റെ പേര് ഓജസ് ഈഴവൻ, എൻ.എസ്.എസ്. കോളേജ് ഒറ്റപ്പാലം, തേർഡ് ഇയർ വിദ്യാർത്ഥിയാണ്,’ എന്നാണ് മത്സരാർത്ഥി പറയുന്നത്. പിന്നാലെ മുകേഷ് ‘ഓജസ് ഈഴവൻ, അങ്ങനെ പേരിടുമോ,’ എന്നു മത്സരാർത്ഥിയോട് ചോദിച്ചു. ഇതിന് മത്സരാർത്ഥി നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.

‘പാർവതി നായർ, പാർവതി നമ്പൂതിരി എന്നൊക്കെ ഇടാമെങ്കിൽ ഓജസ് ഈഴവൻ എന്നുമിടാം,’ എന്നാണ് ഓജസ് മറുപടി നൽകിയത്. ‘അങ്ങനെ ഇടാം എന്നാലും നമ്മൾ അങ്ങനെ കേട്ടിട്ടില്ല, അതുകൊണ്ട് ചോദിച്ചതാണ്,’ എന്നാണ് മുകേഷ് പ്രതികരിച്ചത്. അതേസമയം ഓജസിനോടായി സ്വന്തമായിട്ട് ഇട്ടതാണല്ലേ എന്ന് നവ്യ നായരും ചോദിക്കുന്നുണ്ട്.

ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. പേരിനൊപ്പമുള്ള ജാതിവാലുകളെക്കുറിച്ചുള്ള ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ് സംഭവം. കേരളത്തിൽ ഇന്നും ജാതീയമായ അപ്രമാദിത്യങ്ങളുണ്ടെന്നും സവർണ ജാതി വാലുകൾ പ്രിവിലേജാകുന്നത് അതുകൊണ്ടാണെന്നുമാണ് സോഷ്യൽ മീഡിയ പറയുന്നത്.

അതേസമയം ഇതാദ്യമായല്ല ഈ പരിപാടി ചർച്ചയിൽ ഇടംപിടിക്കുന്നത്. നേരത്തെ സന്യാസിമാരെക്കുറിച്ച് നവ്യ നടത്തിയ പരാമർശവും അതിന് മുകേഷ് നൽകിയ മറുപടിയും വലിയ ചർച്ചയായി മാറിയിരുന്നു.