ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്; ന്യായമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്ന് കോടിയേരി

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവികാരം കണക്കിലെടുത്താണ് ശ്രീറാമിനെ മാറ്റിയത്. ജനാധിപത്യപരമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളിക്കളയുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനിയിലെ ലേഖനത്തിലാണ് കോടിയേരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കില്‍ അതില്‍ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എല്‍ഡിഎഫ് സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ല. പത്രപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ നിയമം നിര്‍ബന്ധിച്ചതിനാലാണ് സര്‍വീസില്‍ തിരിച്ചെടുത്തത്. പിന്നീട് സര്‍വീസ് നടപടിക്രമങ്ങളുടെ ഭാഗമായി ആലപ്പുഴയില്‍ കളക്ടറാക്കുകയായിരുന്നു എന്ന് കോടിയേരി പറയുന്നു.

എന്നാല്‍, അതില്‍ പൗരസമൂഹത്തില്‍ എതിര്‍പ്പുണ്ടായി. ആ വികാരം കണക്കിലെടുത്താണ് നിയമനം സര്‍ക്കാര്‍ റദ്ദാക്കിയത്. ഈ സംഭവം വ്യക്തമാക്കുന്നത് ജനാധിപത്യപരമായ ന്യായമായ വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സമീപനം എല്‍ഡിഎഫ് സര്‍ക്കാരിന് ഇല്ലെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനങ്ങളെ ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി ഉയര്‍ത്താത്തത് എന്നും കോടിയേരി ചോദിക്കുന്നു. രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയുള്ള സമരകോലാഹലങ്ങള്‍ക്കു മുന്നില്‍ ഈ സര്‍ക്കാര്‍ മുട്ടുമടക്കുകയില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരില്‍ മുഖ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസ് നടത്തുന്ന സമരത്തില്‍ ഒരു ന്യായവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.