വഴി ചോദിച്ചെത്തി മാല പൊട്ടിച്ചു കടന്നയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍

കൊല്ലം: എണ്‍പതുകാരിയുടെ മാലപൊട്ടിച്ച്‌ കടന്ന കള്ളനെ മണിക്കൂറുകള്‍ക്കകം പിടികൂടി പൊലീസ്. വര്‍ഷങ്ങളായി മോഷണം പതിവാക്കിയിരുന്ന കൊല്ലം കുലശേഖരം സ്വദേശി നിസാര്‍ ആദ്യമായിട്ടാണ് പിടിക്കപെടുന്നത്. സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളാണ് പ്രതിയെ വേഗത്തില്‍ പിടികൂടാന്‍ കൊല്ലം ശൂരനാട് പൊലീസിനെ സഹായിച്ചത്.

സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന നിസാര്‍ വര്‍ഷങ്ങളായി മോഷണം നടത്തി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വള്ളികുന്നം,കായംകുളം എന്നീ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ രണ്ടു മാല മോഷണങ്ങള്‍ക്കു പിന്നില്‍ നിസാറാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച്‌ പ്രതി ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്.

വഴി അരികില്‍ ആടിനെ തീറ്റുകയായിരുന്ന ശുരനാട് തെക്ക് സ്വദേശിനി ഭാര്‍ഗവി അമ്മയുടെ മാലയാണ് സ്‌കൂട്ടറിലെത്തി സീസര്‍ പൊട്ടിച്ചത്. എണ്‍പതുകാരിയെ മര്‍ദിച്ച്‌ തള്ളിയിട്ട ശേഷമാണ് കള്ളന്‍ ഒന്നര പവന്‍മാലയുമായി കടന്നത്. വിവരമറിഞ്ഞെത്തിയ ശൂരനാട് പൊലീസ് സമീപത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. കരുനാഗപ്പള്ളി കുലശേഖരം സ്വദേശി നിസാറാണ് കള്ളനെന്ന് തിരിച്ചറിഞ്ഞു. വീടു വളഞ്ഞ് പ്രതിയെ പിടികൂടി. തെളിവെടുപ്പിന് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം കൊല്ലത്ത് വിവിധയിടങ്ങളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാലപൊട്ടിച്ചു കടന്നു. ഫാത്തിമ മാതാ കോളേജിന് മുന്നില്‍നിന്നും ബീച്ച്‌റോഡില്‍നിന്നും പട്ടത്താനത്തുനിന്നുമാണ് ഇവര്‍ മാല പൊട്ടിച്ചത്. കുണ്ടറ മുളവനയിലും എഴുകോണിലും സമാനമായ സംഭവം നടന്നിട്ടുണ്ട്. മാലപൊട്ടിച്ചത് ഒരേ സംഘമാണെന്നാണ്നിഗമനം

ശനിയാഴ്ച രാവിലെയൊടെയാണ് ആദ്യ മാല പൊട്ടിക്കല്‍ നടന്നത്. ബൈക്കിലെത്തിയ ഹെല്‍മറ്റ് ധരിച്ച രണ്ട് യുവാക്കള്‍ ബീച്ച്‌ റോഡിന് സമീപത്തായി നിന്ന കൂട്ടിക്കട സ്വദേശിനിയും ഇലക്‌ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറ്റിലെ ജീവനക്കാരിയുമായ സുഷമയുടെ മാല പൊട്ടിച്ചു കടന്നു.

സമാനരീതിയില്‍ ചിറയിന്‍കീഴിലും സംഭവം നടന്നിരുന്നു. ആനത്തലവട്ടത്ത് വീടിനു മുന്നില്‍ മുറ്റമടിച്ചുനിന്ന വീട്ടമ്മയോട് കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ യുവാവ് മാല പൊട്ടിച്ചെടുത്തു കടന്നതായി പരാതി . ആനത്തലവട്ടം കയര്‍ സൊസൈറ്റിമുക്ക് മണ്ണുതിട്ട വീട്ടില്‍ വത്സലകുമാറിന്റെ ഭാര്യ പ്രസന്നകുമാരി (64) യുടെ രണ്ടേകാല്‍ പവനോളംവരുന്ന മാലയാണ് പൊട്ടിച്ചെടുത്തത്.

ഞായറാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം. മുറ്റമടിച്ചുകൊണ്ടിരുന്നതിനിടെ പ്രസന്നകുമാരിയോട് സ്കൂട്ടറില്‍ എത്തിയ യുവാവ് അപകടത്തില്‍പ്പെട്ട് മുറിവ്‌പറ്റിയെന്നും പറഞ്ഞ് കുടിക്കാന്‍ വെള്ളം ചോദിച്ചു. തുടര്‍ന്ന് പ്രസന്നകുമാരി കുടിക്കാന്‍ വെള്ളം കൊടുത്തു. പിന്നീട് ബാന്‍ഡേജ് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞ പ്രസന്നകുമാരി വീടിന് അകത്തേക്ക് കയറിപ്പോകാന്‍ തുടങ്ങവേ വീട്ടമ്മയെ തള്ളിത്താഴെയിട്ട ശേഷം രണ്ടേകാല്‍ പവനോളംവരുന്ന മാലയും പൊട്ടിച്ചെടുത്ത് ഇയാള്‍ സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു

വെള്ള ഷര്‍ട്ടും, നീല പാന്റ്‌സും, വെള്ളത്തൊപ്പിയും, വെള്ള ഷൂവും ധരിച്ചെത്തിയ യുവാവാണ് മാല കവര്‍ന്നതെന്ന് വീട്ടമ്മ പോലീസിനോട് പറഞ്ഞു. പ്രതിയുടെ ദൃശ്യങ്ങള്‍ സമീപത്തെ വീട്ടിലെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .