ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം, കോഴിക്കോട് KSRTC ഡ്രൈവര്‍ അറസ്റ്റിൽ

കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസില്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവര്‍ അറസ്റ്റിൽ. കോഴിക്കോടുനിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ ബസിന്റെ ഡ്രൈവർ കോഴിക്കോട് കാരന്തൂർ സ്വദേശി ഇബ്രാഹിം മച്ചിലിനെ പോലീസ് അറസ്റ്റ് ചെയ്തു.

ബസിൽ തിരക്കായതിനാൽ സീറ്റ് ഒഴിവുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ ഡ്രൈവറുടെ നിർദേശപ്രകാരം ബസിന്റെ ബോണറ്റിലിരുന്ന് യാത്ര ചെയ്ത യുവതിയുടെ ശരീരത്തിൽ ഇയാൾ സ്പർശിച്ചതായാണ് പരാതി. യുവതിയോട് ഇയാൾ അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തു. കോഴിക്കോട് നിന്നാണ് പരാതിക്കാരി ബസിൽ കയറുന്നത്. ദുരനുഭവം ഉണ്ടായതിന് പിന്നാലെ യുവതി ബസിൽവെച്ച് ബഹളമുണ്ടാക്കി.

ഇതോടെ പോലീസ് സ്ഥലത്തെത്തി ഇവരുടെ പരാതി പരിശോധിക്കുകയായിരുന്നു. ഇയാളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. അതേസമയം കഴിഞ്ഞ ദിവസം ട്രെയിൻ യാത്രക്കിടെ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിലായി. തൃശൂർ കാഞ്ഞാണി സ്വദേശി കെ വി സനീഷ് (45) ആണ് പിടിയിലായത്. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ഇയാളെ ആളുകൾ തിരിച്ചറിയുകയായിരുന്നു. കാസർകോട് റെയിൽവേ പൊലീസ് പ്രതിയുടെ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.