വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച്ച; കണ്ണൂരിൽ ദമ്പതികളടക്കം അഞ്ചു പേർ മരിച്ച നിലയിൽ

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചെറുപുഴ പാടിച്ചാലിലാണ് സംഭവം. കുട്ടികളെ സ്റ്റെയർ കേസിൽ കെട്ടിതൂക്കിയ കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്.

കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളായ സൂരജ്, സുജിൻ, സുരഭി എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുമ്പാണ് വിവാഹിതരായത്. ഇക്കഴിഞ്ഞ 16 നായിരുന്നു ഇവരുടെ വിവാഹം. ശ്രീജയുടെ ആദ്യ വിവാഹബന്ധത്തിലെ മക്കളാണ് മരിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

വാതിൽ തുറക്കാതായതോടെ നാട്ടുകാരാണ് ആദ്യം ശ്രദ്ധിച്ചത്. വാതിൽ തള്ളിത്തുറന്നപ്പോളാണ് കുട്ടികളെയും ദമ്പതികളെയും കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. അതേസമയം, ഷാജി ആദ്യഭാര്യയെ നിയമപരമായി വിവാഹമോചനം ന‌ടത്തിയിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.