തലശ്ശേരി ആര്‍ച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണം – കെ.സുരേന്ദ്രന്‍

തിരുവനന്തപുരം . തലശ്ശേരി ആര്‍ച്ച് ബിഷപ്പിനെതിരെ വധഭീഷണി മുഴക്കിയ കെടി ജലീലിനെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. നേരത്തെ പാലാ ബിഷപ്പിനെതിരെ ഉണ്ടായ വധഭീഷണിക്ക് സമാനമായ സംഭവമാണ് തലശ്ശേരി ബിഷപ്പിനെതിരെയും ഇപ്പോൾ ഉണ്ടായിരിക്കുന്നത്. പോപ്പുലര്‍ഫ്രണ്ടിന്റെ ശബ്ദത്തിലാണ് ജലീല്‍ സംസാരിക്കുന്നത് – കെ.സുരേന്ദ്രന്‍ പറഞ്ഞു.

ജലീല്‍ നേരത്തെ തീവ്രവാദ സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നയാളാണ്. പോപ്പുലര്‍ഫ്രണ്ടിന്റെയും സിമിയുടേയും ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുന്‍ മന്ത്രിയുടെ വധഭീഷണിയെ ഗൗരവമായി കാണണം. കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ചാല്‍ കഴുത്തിന് മീതെ തലയുണ്ടാകില്ലെന്നാണ് ജലീല്‍ ബിഷപ്പിനെ ഭീഷണിപ്പെടുത്തുന്നത്. ജലീലിന്റെ പ്രസ്താവന ഇടതുമുന്നണിയിലെ മറ്റ് പാര്‍ട്ടികള്‍ പിന്തുണയ്ക്കുന്നുണ്ടോയെന്ന് അവര്‍ വ്യക്തമാക്കണം. ജോസ് കെ മാണി ബിഷപ്പിനെതിരായ വധഭീഷണിയെ കുറിച്ച് പ്രതികരിക്കുന്നില്ല. യുഡിഎഫ് എന്താണ് ഈ വിഷയത്തില്‍ പ്രതികരിക്കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അഴിമതിക്കാരെ തുടച്ച് നീക്കുമെന്ന് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി പറഞ്ഞിരുന്നുവെന്ന് തിരുവനന്തപുരം ഡിസിസി സെക്രട്ടറിയുടെ വീട്ടില്‍ നടന്ന ആദായനികുതി റെയിഡിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. അഴിമതിക്കാരുടെ കള്ളപ്പണം പിടിച്ചെടുക്കാനുള്ള നടപടികള്‍ കേന്ദ്ര ഏജന്‍സികള്‍ എടുക്കുകതന്നെ ചെയ്യും. അതില്‍ കോണ്‍ഗ്രസെന്നോ സിപിഎമ്മെന്നോ ലീഗെന്നോ വ്യത്യാസമില്ല. അഴിമതി നടത്തി കോടികള്‍ സമ്പാദിച്ച് സുഖമായി കഴിയാമെന്ന് ആരും വിചാരിക്കണ്ട. ഉപ്പുതിന്നവര്‍ എല്ലാവരും വെള്ളം കുടിക്കും. എത്ര വലിയവരായാലും അഴിമതിക്കാര്‍ക്കെതിരെ മുഖം നോക്കാതെയുള്ള നടപടി കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാവും -കെ.സുരേന്ദ്രന്‍ പറഞ്ഞു.