ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി, ആൺ സുഹൃത്ത് ഗുരുതരാവസ്ഥയിൽ, സംഭവം കൊച്ചിയിൽ

കൊച്ചി: കൊച്ചിയിൽ ഫ്ലാറ്റിനുള്ളിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്ലാറ്റിനുള്ളിൽ ഇരുവരെയും കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്. ഇടുക്കി സ്വദേശിയാണ് അലക്സ്. 19 ദിവസം മുമ്പാണ് ഇവർ ഈ ഫ്ലാറ്റിൽ എത്തിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം മണര്‍ക്കാട് പങ്കാളിയെ കൈമാറ്റം ചെയ്ത കേസിലെ പരാതിക്കാരിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവുമായി അകന്ന് യുവതിയുടെ വീട്ടില്‍ കഴിയവെയാണ് സംഭവം. മക്കളാണ് രക്തം വാര്‍ന്ന് കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്. പരാതിക്കാരിയുടെ മക്കള്‍ ആക്രമണ സമയത്ത് കളിക്കുന്നതിനായി വീടിന് പുറത്തു പോയിരിക്കുകയായിരുന്നു.

ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കമിഴ്ന്നു കിടക്കുന്ന നിലയില്‍ അമ്മയെ കണ്ടത്. അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊലപാതകം. മകൻ അയൽവാസികളെ വിവരം അറിയിച്ചു. പിന്നാലെ വാര്‍ഡ് മെമ്പറെ വിളിച്ചുപറഞ്ഞു. തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.