അസഹനീയമായ ചൂട്, ഡ്രസ് കോഡിൽ മാറ്റം ആവശ്യപ്പെട്ട് വനിതാ ജുഡീഷ്യൽ ഓഫീസർമാർ

എറണാകുളം: സംസ്ഥാനത്ത് വേനൽ കടുക്കുകയും അസഹനീയമായ ചൂട് അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഡ്രസ് കോഡിൽ ഭേദഗതി ആവശ്യപ്പെട്ട് രജിസ്ട്രാർക്ക് നിവേദനം നൽകി വനിതാ ജുഡീഷ്യൽ ഓഫീസർമാർ. ഇളം നിറമുള്ള പ്രാദേശിക വസ്ത്രവും വെള്ള കോളർ ബാൻഡും കറുത്ത ഗൗണുമാണ് വനിതാ ജുഡീഷ്യൽ ഓഫീസർമാരുടെ ഔദ്യോഗിക വേഷം. പ്രാദേശിക വസ്ത്രമെന്ന നിലയിൽ സാരി മാത്രമാണ് അംഗീകരിക്കപ്പെട്ടിരുന്നത്. ഇപ്പോൾ ചുരിദാറോ സൽവാറോ അനുവദിക്കണമെന്നാണ് ആവശ്യം.

നിവേദനം ഹൈക്കോടതി ഭരണവിഭാഗം പരിഗണിക്കും. നൂറിലധികം വനിതാ ഓഫീസർമാരാണ് ആവശ്യം ഉന്നയിച്ച് രംഗത്ത് വന്നത്. 53 വർഷം പിന്നിട്ട ഡ്രസ് കോഡ് പരിഷ്‌കരിക്കുന്ന കാര്യം ഹൈക്കോടതി ജഡ്ജിമാർ ഉൾപ്പെടെയുള്ള സമിതി പരിഗണിച്ച ശേഷമാകും പരാതിയിൽ പരിഹാരം കണ്ടെത്തുക.

മാസങ്ങൾക്ക് മുൻപ് തെലങ്കാനയിൽ ജുഡീഷ്യൽ ഓഫീസർമാരുടെ ഡ്രസ് കോഡിൽ മാറ്റം അനുവദിച്ചിരുന്നു. സാരിയ്‌ക്ക് പുറമേ സൽവാർ, ചുരിദാർ, ഫുൾ സ്‌കെർട്ട്, പാന്റ്‌സ് എന്നിവ അനുവദിച്ചിരുന്നു. സംസ്ഥാനത്ത് 1970-ൽ നിലവിൽ വന്ന ഡ്രസ് കോഡാണ് ഇപ്പോഴും ജുഡീഷ്യൽ ഓഫീസർമാർ പിന്തുടരുന്നത്.