ബക്രീദ് പ്രമാണിച്ച് ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍

സംസ്ഥാനത്ത് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വാരാന്ത്യ ലോക്ക് ഡൗണ്‍ ഇന്ന് തുടരും. ലോക്ക് ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ കൂടുതല്‍ ഇളവുകള്‍ സംബന്ധിച്ച കാര്യത്തില്‍ തീരുമാനം ഉണ്ടാകും. സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്കാണ് ലോക്ക് ഡൗണിലും നിയന്ത്രണങ്ങളിലും സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചത്.

പെരുന്നാള്‍ പ്രമാണിച്ച് ഞായറാഴ്ചയും തിങ്കള്‍, ചൊവ്വ ദിവസങ്ങളിലുമാണ് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ, ബി, സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാം. ഡി കാറ്റഗറിയില്‍പ്പെടുന്ന തദ്ദേശഭരണ സ്ഥാപന പരിധികളില്‍ ഇളവുകള്‍ ബാധകമല്ല. തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി എട്ട് മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക.