ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യ ദിവസം തന്നെ പത്രിക സമ‍ർപ്പിച്ച് മുകേഷും അശ്വിനിയും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രികാ സമർപ്പണം സംസ്ഥാനത്ത് തുടങ്ങി. കൊല്ലം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം മുകേഷും കാസർകോട് മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വിനിയും ജില്ലാ കളക്ടർമാർക്ക് മുൻപാകെ നാമനിർദേശ പത്രിക സമർപ്പിച്ചു. ജില്ലാ കളക്ടറേറ്റുകളിലേക്ക് പ്രകടനമായെത്തിയാണ് സ്ഥാനാർഥികൾ പത്രിക സമർപ്പിച്ചത്. നിരവധി പ്രവർത്തകർ സ്ഥാനാർഥികളെ അനുഗമിച്ചു.

സിഐടിയു കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് ജില്ലാ കളക്ടറേറ്റിലേക്ക് പ്രകടനമായെത്തിയാണ് മുകേഷ് ജില്ലാ കളക്ടർ ദേവീദാസ് എൻ ഐഎസിന് മുൻപാകെ പത്രിക സമർപ്പിച്ചത്. ധനമന്ത്രി കെഎൻ ബാലഗോപാൽ, സിപിഎം, സിപിഐ ജില്ലാ സെക്രട്ടറിമാർ, മുൻ മന്ത്രി കെ രാജു, പിഎസ് സുപാൽ എംഎൽഎ തുടങ്ങിയവർ മുകേഷിനൊപ്പം ഉണ്ടായിരുന്നു. നിരവധി പ്രവർത്തകർ സ്ഥാനാർഥിയെ അനുഗമിച്ചു.

കാസർകോട് ജില്ലാ കളക്ടറേറ്റിലേക്ക് പ്രകടനമായെത്തിയാണ് എൻഡിഎ സ്ഥാനാർഥി എംഎൽ അശ്വിനി ജില്ലാ കളക്ടർ ഇൻബശേഖർ കെ ഐഎഎസിന് മുൻപാകെ പത്രിക സമർപ്പിച്ചത്. ബിജെപി ദേശീയ കൗൺസിലംഗങ്ങളായ സഞ്ജീവ് ഷെട്ടി, പ്രമീള സി നായിക്, കാസർകോട് ജില്ലാ അധ്യക്ഷൻ രവീശ തന്ത്രി കുണ്ടാർ ഉൾപ്പെടെയുള്ള നേതാക്കൾ എംഎൽ അശ്വിനിയെ അനുഗമിച്ചു. അശ്വിനിക്കൊപ്പം ബിജെപി ജില്ലാ ജനറൽ സെക്രട്ടറി കെ വേലായുധനും പത്രിക സമ‍‍ർപ്പിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ രണ്ടാംഘട്ടമായ ഏപ്രിൽ 26നാണ് കേരളം വിധിയെഴുതുന്നത്. ഇന്നുമുതൽ ഏപ്രിൽ നാലുവരെ സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാം. രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയാണ് പത്രികാ സമർപ്പണത്തിനുള്ള സമയം. ഏപ്രിൽ അഞ്ചിന് സൂക്ഷ്മ പരിശോധന നടക്കും. ഏപ്രിൽ എട്ടിനാണ് നാമനിർദേശ പത്രിക പിൻവലിക്കേണ്ട അവസാന തീയതി. ജൂൺ നാലിനാണ് വോട്ടെണ്ണൽ.