അക്രമത്തിനു പകരം ജനാധിപത്യ മാർഗ്ഗമാണ് തേടേണ്ടതെന്ന് ഓം ബിർള

അഗ്നിപഥിനെതിരായ പ്രതിഷേധം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ പ്രതികരണവുമായി ലോക്സഭ സ്പീക്കർ ഓം ബിർള രംഗത്ത്. സമാധാനപരമായി പ്രശ്നം തീർക്കണമെന്നും അക്രമത്തിനു പകരം ജനാധിപത്യ മാർഗ്ഗമാണ് തേടേണ്ടതെന്നും ഓം ബിർള പ്രതികരണത്തിൽ ആവശ്യപ്പെട്ടു. യുപിയില്‍ പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പലയിടത്തും അക്രമ സംഭവങ്ങൾ അരങ്ങേറി. അലിഗഡിലെ ജട്ടാരി പൊലീസ് സ്റ്റേഷൻ ആക്രമിച്ച പ്രതിഷേധക്കാർ പൊലീസ് വാഹനവും കത്തിച്ചു.

സർക്കാർ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നെണ്ടെന്നും അഗ്നിപഥ് പദ്ധതിയിൽ ലോക്സഭയിൽ ചർച്ച വേണോ എന്നതിൽ തീരുമാനം പിന്നീടെന്നും സ്പീക്കർ വ്യക്തമാക്കി. കാര്യോപദേശക സമിതിയാണ് ഇക്കാര്യം തീരുമാനിക്കുകയെന്നും ഓം ബിർള കൂട്ടിച്ചേർച്ചു. അതേസമയം അഗ്നിപഥിനെതിരായ പ്രതിഷേധം മൂന്നാം ദിവസവും രാജ്യ വ്യാപകമായി ശക്തമായിരുന്നു. ബിഹാറിലും ഹരിയാനയിലും ഇന്നും വ്യാപക അക്രമമുണ്ടായി.