ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമെങ്കിൽ പോക്‌സോ കേസുകളിൽ അറസ്റ്റിന് ധൃതി വേണ്ടെന്ന് ഹൈക്കോടതി

ചെന്നൈ: പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ ശാരീരിക ബന്ധം ഉഭയസമ്മത പ്രകാരമെങ്കിൽ അറസ്റ്റ് ചെയ്യാൻ ധൃതി കാണിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. കേസിൽ സംശയിക്കപ്പെടുന്ന പ്രതിക്ക് നോട്ടീസ് നൽകാനും അന്വേഷണം നടത്താനും അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിയുമെന്നും എന്നാൽ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാനാകൂവെന്നും മദ്രാസ് ഹൈക്കോടതി രജിസ്ട്രാർ ജനറൽ തമിഴ്നാട്, പുതുച്ചേരി പോലീസ് ഡയറക്ടർ ജനറൽമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.

പിന്നാലെ അന്വേഷണത്തിനായി കുറ്റാരോപിതനായ വ്യക്തിയ്‌ക്ക് സിആർപിസി യുടെ 41-4 വകുപ്പ് പ്രകാരം ഒരു നോട്ടീസ് നൽകാനും കേസ് ഡയറിയിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന്റെ കാരണം രേഖപ്പെടുത്താനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പോലീസ് സൂപ്രണ്ട്, ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസ് എന്നിവരുടെ അനുമതിയോടെ മാത്രമേ അറസ്റ്റ് ചെയ്യാവൂ എന്നാണ് നിർദ്ദേശം.

ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ടിന്റെ നേതൃത്വത്തിലുള്ള ഹൈക്കോടതിയുടെ ജുവനൈൽ ജസ്റ്റിസ് കമ്മിറ്റിയുമായും പോക്സോ കമ്മിറ്റിയുമായും മറ്റ് സർക്കാർ സമിതികളുമായും നടത്തിയ സംസ്ഥാനതല കൺസൾട്ടേഷൻ മീറ്റിംഗുകൾക്ക് ശേഷമാണ് ഇത്തരത്തിലുള്ള നിർദ്ദേശം.