ബെഡ്റൂമിനകത്ത് ഇന്റർനെറ്റിന് റെയ്ഞ്ച് കിട്ടുന്നില്ല, സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരെ മർദ്ദിച്ച് ഐ.എ.എസ് ഓഫീസർ

മുംബൈ: ഐ.എ.എസ് ഓഫീസറും സഹോദരനും ചേർന്നു സ്വകാര്യ ടെലികോം കമ്പനി ജീവനക്കാരെ മർദ്ദിച്ചതായി പരാതി. മഹാരാഷ്ട്ര വാട്ടർ സപ്ലൈ ആന്റ് സാനിറ്റേഷൻ ഡിപ്പാർട്ട്‌മെന്റ് ഡെപ്യൂട്ടി സെക്രട്ടറിയും ഐഎഎസ് ഓഫീസറുമായ അമൻ മിത്തൽ, സഹോദരൻ ദേവേഷ് മിത്തൽ, നാല് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് ​പൊലീസ് കേസെടുത്തത്. ടെലികോം കമ്പനിയിൽ എഞ്ചിനീയറായി ജോലി ചെയ്യുന്ന സാഗർ മാന്ധ്രെ (27), സെയിൽസിലെ ജീവനക്കാരനായ ഭൂഷൺ ഗുജാർ എന്നിവർക്കാണ് മർദ്ദനമേറ്റത്.

ബെഡ്റൂമിനകത്ത് ഇന്റർനെറ്റിന് റെയ്ഞ്ച് കിട്ടുന്നില്ലെന്നാരോപിച്ചായിരുന്നു മർദ്ദനം. അമൻ മിത്തലിന്റെ വസതിയിലെ ഇന്റർനെറ്റ് റൂട്ടറിന് തകരാറുണ്ടായിരുന്നു. ഇത് പരിഹരിക്കാൻ ഡിസംബർ 30 ന് ഏയർടെൽ കമ്പനിയുടെ ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നു. തകരാർ പരിഹരിച്ച ശേഷവും ബെഡ്റൂമിൽ ലഭിക്കുന്ന ഇന്റർനെറ്റിന് റെയ്ഞ്ച് കുറവാണെന്ന് പറഞ്ഞ് മർദ്ദിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ജീവനക്കാരെ അമൻ മിത്തലും സഹോദരനും നാല് സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് കമ്പിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു.
മർദ്ദനത്തിനൊടുവിൽ അമൻ മിത്തൽ വിളിച്ചുവരുത്തിയ പൊലീസാണ് ടെലികോം ഉദ്യോഗസ്ഥരെ ആശുപത്രിയിലേക്കും മറ്റും മാറ്റിയത്. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.