വാളയാറിൽ വൻ കുഴൽപ്പണവേട്ട, രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടുവന്ന 38.5 ലക്ഷം രൂപയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ

വാളയാറിൽ വൻ കുഴൽപ്പണവേട്ട. അനധികൃതമായി കോയമ്പത്തൂരിൽ നിന്ന് ബസ് മാർഗം കടത്തിക്കൊണ്ടുവന്ന 38.5 ലക്ഷംരൂപയുമായി മലപ്പുറം സ്വദേശി അറസ്റ്റിൽ. താജുദ്ദീനാണ് പിടിയിലായത്. പ്രതിയെ കൂടുതൽ നടപടികൾക്കായി വാളയാർ പോലീസിന് കൈമാറി.

അതേ സമയം ഇന്നലെ കണ്ണൂർ കൂട്ടുപുഴയിൽ വൻ കുഴൽപ്പണ വേട്ട നടന്നിരുന്നു. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ എക്സൈസ് പിടികൂടി. കർണാടക-കണ്ണൂർ കൂട്ടുപുഴ എക്സൈസ് ചെക്പോസ്റ്റിലെ വാഹനപരിശോധനക്കിടെ പുലർച്ചെ നാലുമണിയോടെയാണ് പണം പിടികൂടിയത്.
തമിഴ്നാട് സ്വദേശികളായ അഞ്ചുപേരിൽ നിന്നാണ് പണം കണ്ടെത്തിയത്. സഞ്ചിയിൽ സൂക്ഷിച്ച നിലയിലും ശരീരത്ത് കെട്ടിയ നിലയിലുമായിരുന്നു പണം.

അതേസമയം പാലക്കാട് പുതുശ്ശേരിയിൽ നാലരക്കോടി കുഴല്‍പണം തട്ടിയ കേസ് അന്വേഷണം ബെംഗളൂരുവിലേക്ക് വ്യാപിപിച്ചു. നേരത്തേ സമാന കുറ്റകൃത്യങ്ങളിൽ പ്രതികളായ ചിലവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ബെംഗളൂരുവിലേയ്‌ക്ക് വ്യാപിപ്പിച്ചത്.

പണം കടത്തിക്കൊണ്ടുപോകാനുപയോഗിച്ച വാഹനങ്ങളെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് മലപ്പുറം സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ തടഞ്ഞ് നിർത്തി തട്ടികൊണ്ടുപോയി പണം കവർന്നത്.